മസ്കത്ത്– ഒമാനിലെ ഫാർമസി മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കാൻ ആരോഗ്യമന്ത്രാലയം പുതിയ സർക്കുലർ പുറത്തിറക്കി. വ്യാപാര സമുച്ചയങ്ങളിലും സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്ന വിദേശീയരായ ഫാർമസിസ്റ്റുകളുടെയും അവരുടെ സഹപ്രവർത്തകരുടെയും ലൈസൻസുകൾ ഇനി പുതുക്കില്ലെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു.
ഡ്രഗ് സേഫ്റ്റി സെന്ററിലെ ഡയറക്ടർ ജനറൽ ഇബ്രാഹിം നാസർ അൽ റഷ്ദിയുടെ ഒപ്പോടു കൂടിയ 167/2025 നമ്പർ സർക്കുലറാണ് പുറത്തിറക്കിയത്. നിയമനം നടത്തിയ സ്ഥാപനങ്ങൾ ഈ നിർദേശം സമയബന്ധിതമായി പാലിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
ഈ തീരുമാനം ഒമാനിൽ ജോലി ചെയ്യുന്ന നിരവധി മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് തിരിച്ചടിയാകും. എന്നാൽ, ഫാർമസി ബിരുദം നേടിയ ഒമാനി യുവാക്കൾക്ക് ഇത് വലിയ ആശ്വാസം നൽകുന്നുണ്ട്. ഇപ്പോഴും തൊഴിൽ സാധ്യത കുറഞ്ഞ ഒമാനി ഫാർമസി ബിരുദധാരികൾ ഇതിനെ സ്വാഗതം ചെയ്യുന്നുവെന്ന് അധികൃതർ അറിയിച്ചു.
ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഫാർമസി പഠനം പൂർത്തിയാക്കിയവരുടെ എണ്ണം ഒമാനിൽ വർധിച്ചുവരുകയാണ്. അതേസമയം, കുറഞ്ഞ ശമ്പളത്തിനായി സ്വകാര്യ സ്ഥാപനങ്ങൾ വിദേശ തൊഴിലാളികളെ നിയമിക്കുന്നതാണ് സ്വദേശികൾക്ക് ജോലി ലഭിക്കാത്തതിന്റെ പ്രധാന കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നു.
ഒമാനി പൗരന്മാർക്ക് സ്ഥിരതയും ശാസ്ത്രീയമായ തൊഴിൽ സാധ്യതകളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി, ഒമാൻ വിഷൻ 2040 പദ്ധതിയുടെ ഭാഗമായാണ് ഈ പുതിയ നടപടിയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.