കുവൈത്ത് സിറ്റി – ദേശീയ സുരക്ഷാ കേസില്‍ കുവൈത്തി മാധ്യമപ്രവര്‍ത്തക ഫജ്ര്‍ അല്‍സഈദിന് മൂന്ന് വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ച ക്രിമിനല്‍ കോടതി വിധി കുവൈത്ത് അപ്പീല്‍ കോടതി റദ്ദാക്കി. ഇവരെ ശിക്ഷിക്കാതിരിക്കാന്‍ അപ്പീല്‍ കോടതി തീരുമാനിച്ചു. ഫജ്ര്‍ അല്‍സഈദിന് 1,000 കുവൈത്തി ദീനാറിന് കോടതി ജാമ്യം നല്‍കുകയും ചെയ്തു.
വ്യാജ വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുക, ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യുക, കെട്ടിച്ചമച്ച വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുക, ഇസ്രായിലുമായി നയതന്ത്രബന്ധം സ്ഥാപിക്കാന്‍ ആഹ്വാനം ചെയ്യുക, രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് ദോഷം വരുത്തുക എന്നീ ആരോപണങ്ങളാണ് ഫജ്ര്‍ അല്‍സഈദിനെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ ഉന്നയിച്ചിരുന്നത്. ഇറാഖിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന ആരോപണവും ഫജ്ര്‍ അല്‍സഈദ് നേരിട്ടിരുന്നു. എന്നാല്‍ ഈ കുറ്റത്തില്‍ നിന്ന് ക്രിമിനല്‍ കോടതി അവരെ നേരത്തെ കുറ്റവിമുക്തയാക്കിയിരുന്നു.