ചണ്ഡീഗഢ്: തലപ്പാവ് ധരിച്ച ചുഴലിക്കാറ്റ് എന്ന് വിളിപ്പേരുള്ള, ലോകത്തിലെ ഏറ്റവും പ്രായമേറിയ മാരത്തൺ ഓട്ടക്കാരൻ ഫൗജ സിംഗ് അന്തരിച്ചു. 114 വയസായിരുന്നു പ്രായം. ജൂലൈ 14 ന് വൈകുന്നേരം ജലന്ധറിനടുത്തുള്ള തന്റെ ജന്മനാടായ ബിയാസ് ഗ്രാമത്തിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സിംഗിനെ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകുന്നേരം നടക്കുന്നതിനിടെയാണ് വാഹനം ഇടിച്ചതെന്ന് മകൻ ഹർവീന്ദർ സിംഗ് പറഞ്ഞു.
1911 ഏപ്രിൽ 1 ന് പഞ്ചാബിലെ ജലന്ധറിലെ ബിയാസ് ഗ്രാമത്തിലാണ് സിംഗ് ജനിച്ചത്. കുടുംബത്തിലെ നാല് കുട്ടികളിൽ ഇളയവനായിരുന്നു അദ്ദേഹം. അഞ്ച് വയസ്സ് വരെ അദ്ദേഹത്തിന് നടക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പിന്നീട് അദ്ദേഹം ലോകത്തെ അത്ഭുതപ്പെടുത്തിയ ഓട്ടക്കാരനായി മാറി. 1992 ൽ, ഭാര്യ ഗിയാൻ കൗറിന്റെ മരണശേഷമാണ് അദ്ദേഹം ഇംഗ്ലണ്ടിലേക്ക് താമസം മാറി മകനോടൊപ്പം ഈസ്റ്റ് ലണ്ടനിൽ സ്ഥിരതാമസമാക്കുകയും ചെയ്തു.
2000-ൽ 89-ാം വയസ്സിൽ മാരത്തൺ ഓട്ടം തുടങ്ങിയ സിംഗ് ആ വർഷം ലണ്ടൻ മാരത്തണിൽ പങ്കെടുക്കുകയും മാരത്തൺ പൂർത്തിയാക്കിയതോടെ പ്രശസ്തിയിലേക്ക് ഉയരുകയും ചെയ്തു. ആറ് മണിക്കൂറും അമ്പത്തിനാല് മിനിറ്റും കൊണ്ട് അദ്ദേഹം തന്റെ കന്നി ഫുൾ മാരത്തൺ പൂർത്തിയാക്കി. 90 വയസ്സിനു മുകളിലുള്ളവരുടെ 58 മിനിറ്റിന്റെ മുൻ ലോക റെക്കോർഡും അദ്ദേഹം തകർത്തു. ന്യൂയോർക്ക്, ടൊറന്റോ, മുംബൈ മാരത്തണുകളിലും അദ്ദേഹം പങ്കെടുത്തു. 2003-ൽ, 90 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ അഞ്ച് മണിക്കൂറും നാൽപ്പത് മിനിറ്റും കൊണ്ട് അദ്ദേഹം ടൊറന്റോ വാട്ടർഫ്രണ്ട് മാരത്തൺ പൂർത്തിയാക്കി. അത് അദ്ദേഹത്തിന്റെ വ്യക്തിഗത മികച്ച സമയമായിരുന്നു.
2011 ഒക്ടോബർ 16-ന്, ഒരു മാരത്തൺ പൂർത്തിയാക്കുന്ന ആദ്യത്തെ നൂറു വയസുകാരനായി സിംഗ് മാറി, എട്ട് മണിക്കൂർ പതിനൊന്ന് മിനിറ്റ് ആറ് സെക്കൻഡ് കൊണ്ട് ടൊറന്റോ വാട്ടർഫ്രണ്ട് മാരത്തൺ പൂർത്തിയാക്കിയതോടെ അദ്ദേഹം ഏറ്റവും പ്രായം കൂടിയ മാരത്തൺ ഓട്ടക്കാരനായി. അതൊരു ലോക റെക്കോർഡായിരുന്നു, പക്ഷേ സിങ്ങിന് ജനന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തതിനാൽ ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഇത് അംഗീകരിക്കാൻ വിസമ്മതിച്ചു.
2012 ലണ്ടൻ ഒളിമ്പിക്സിൽ ദീപശിഖ വഹിച്ചവരിൽ ഒരാൾ സിംഗായിരുന്നു. ഹോങ്കോങ്ങിലാണ് തന്റെ അവസാന മാരത്തൺ സിംഗ് പൂർത്തിയാക്കി. ഒരു മണിക്കൂർ മുപ്പത്തിരണ്ട് മിനിറ്റും ഇരുപത്തിയെട്ട് സെക്കൻഡും സമയം കൊണ്ട് പത്തു കിലോമീറ്റർ മാർത്തൺ പൂർത്തിയാക്കി. 101 വയസ്സുള്ളപ്പോഴാണ് വിരമിച്ചത്.
“ഇതിഹാസ മാരത്തൺ ഓട്ടക്കാരനും പ്രതിരോധശേഷിയുടെയും പ്രത്യാശയുടെയും ശാശ്വത പ്രതീകവുമായ സർദാർ ഫൗജ സിംഗ് ജിയുടെ വിയോഗത്തിൽ അഗാധമായി ദുഃഖിക്കുന്നുവെന്ന് പഞ്ചാബ് ഗവർണർ ഗുലാബ് ചന്ദ് കതാരിയ പറഞ്ഞു,. 114 വയസ്സുള്ളപ്പോഴും അദ്ദേഹം തന്റെ ശക്തിയും പ്രതിബദ്ധതയും കൊണ്ട് തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. 2024 ഡിസംബറിൽ ജലന്ധർ ജില്ലയിലെ ബിയാസ് എന്ന തന്റെ ഗ്രാമത്തിൽ നിന്ന് രണ്ട് ദിവസത്തെ ‘നാഷാ മുക്ത് – രംഗ്ല പഞ്ചാബ്’ മാർച്ചിൽ അദ്ദേഹത്തോടൊപ്പം നടക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം പ്രസ്ഥാനത്തിന് സമാനതകളില്ലാത്ത ഊർജ്ജവും ചൈതന്യവും പകർന്നുവെന്നും ഗവർണർ പറഞ്ഞു.