ന്യൂഡൽഹി: തമിഴ്‌നാടിന്റെ മുൻ മുഖ്യമന്ത്രിമാരായ എം.ജി. രാമചന്ദ്രന്റെയും (എം.ജി.ആർ) ജയലളിതയുടെയും മകളാണെന്ന് അവകാശപ്പെട്ട് തൃശൂർ കാട്ടൂർ സ്വദേശിനിയായ കെ.എം. സുനിത എന്ന യുവതി സുപ്രീം കോടതിയെ സമീപിച്ചു. ജയലളിതയുടെ മരണം കൊലപാതകമാണെന്നും ഇതേക്കുറിച്ച് പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുനിത ചീഫ് ജസ്റ്റിസിന് കത്ത് നൽകി.
താൻ ജനിച്ച ശേഷം എം.ജി.ആറിന്റെ വീട്ടുജോലിക്കാരൻ തന്നെ രഹസ്യമായി കേരളത്തിലേക്ക് മാറ്റുകയും ‘സുനിത’ എന്ന പേര് നൽകുകയും ചെയ്തതായി അവർ അവകാശപ്പെടുന്നു. 18-ാം വയസ്സിൽ ജയലളിത ഡി.എൻ.എ. പരിശോധന നടത്തി തന്നെ മകളായി അംഗീകരിച്ചതായും സുനിത പറയുന്നു. പോയസ് ഗാർഡനിലെ വസതിയിൽ ഇടയ്ക്കിടെ അവരെ സന്ദർശിച്ചിരുന്നതായും 2016 സെപ്റ്റംബർ 22-ന് താൻ മകളാണെന്ന് വെളിപ്പെടുത്താൻ ജയലളിത വാർത്താസമ്മേളനം വിളിക്കാൻ തീരുമാനിച്ചിരുന്നതായും സുനിത വ്യക്തമാക്കി.
അന്നു രാവിലെ എട്ടു മണിക്ക് പോയസ് ഗാർഡനിലെ വസതിയിൽ എത്തിയപ്പോൾ ജയലളിത ബോധരഹിതയായി കിടക്കുന്നതാണ് കണ്ടതെന്ന് സുനിത പറയുന്നു. ജയലളിതയുടെ തോഴി ശശികല അവരുടെ മുഖത്ത് അടിക്കുന്നതും ബന്ധുക്കൾ വീട്ടിൽ ഉണ്ടായിരുന്നതും കണ്ടു. ഒരു ജീവനക്കാരൻ തന്നെ ബലപ്രയോഗത്തിലൂടെ പുറത്താക്കിയെന്നും ഭയന്ന് കേരളത്തിലേക്ക് മടങ്ങിയെന്നും സുനിത ആരോപിക്കുന്നു. ഭയം മൂലമാണ് ഇതുവരെ തുറന്നുപറയാതിരുന്നതെന്നും ജയലളിത തനിക്ക് സാമ്പത്തിക സഹായം നൽകിയിരുന്നതായും പരാതിയിൽ പറയുന്നു.
എന്നാൽ, മുൻകാലങ്ങളിൽ ജയലളിതയുടെ മകളോ മകനോ ആണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയവരുടെ വാദങ്ങൾ തള്ളപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ സുനിതയുടെ അവകാശവാദത്തിന്റെ ആധികാരികതയെക്കുറിച്ച് സംശയങ്ങൾ ഉയർന്നിട്ടുണ്ട്. സുപ്രീം കോടതി ഈ ഹർജിയിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.