ശ്രീനഗർ– പോലീസ് എതിർപ്പുകളെ മറികടന്ന് ജമ്മുകശ്മീർ രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുല്ല. ആദരം അർപ്പിക്കാൻ എത്തിയ ഉമർ അബ്ദുല്ലയെ പോലീസ് തടയാൻ ശ്രമിച്ചെങ്കിലും ഒമർ അബ്ദുല്ല എതിർപ്പ് മറികടന്നാണ് രക്തസാക്ഷികൾക്ക് ആദരം അർപ്പിച്ചത്. തടയാൻ ശ്രമിക്കുന്നതിനിടെ സംഘർഷം ഉണ്ടാവുകയും, സംഘർഷത്തിൽ തനിക്ക് പരിക്കേറ്റതായും ഒമർ അബ്ദുല്ല പറഞ്ഞു.
“1931 ജൂലൈ 13ലെ രക്തസാക്ഷികളുടെ കുടീരങ്ങളിൽ ഞാൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ഫാത്തിഹ പ്രാർത്ഥന അർപ്പിക്കുകയും ചെയ്തു. തെരഞ്ഞെടുക്കപ്പെടാത്ത ഭരണകൂടം എന്റെ വഴി തടയാൻ ശ്രമിച്ചു. അതിനാൽ നൗഹാട്ട ചൗക്കിൽ നിന്ന് നടക്കാൻ ഞാൻ നിർബന്ധിതനായി. നഖ്ഷ്ബന്ദ് സാഹിബ് രക്തസാക്ഷി കുടീരത്തിന്റെ ഗേറ്റ് അടച്ചിട്ടതിനെ തുടർന്ന് അത് കയറാൻ ഞാൻ നിർബന്ധിതനായി. അവർ എന്നെ ശാരീരികമായി തടയാൻ ശ്രമിച്ചു. പക്ഷേ ഇതിനൊന്നും എന്നെ തടയാൻ ആവില്ല” ഒമർ അബ്ദുല്ല എക്സിൽ കുറിച്ചു.
ഇതാണ് തനിക്ക് നേരിടേണ്ടി വന്ന ശാരീരിക പീഡനം എന്നും പക്ഷേ ഞാൻ ഇതിനേക്കാൾ കഠിനമായ സാഹചര്യങ്ങളാൽ നിർമ്മിതനാണെന്നും എന്നെ തടയാൻ ഞാൻ നിയമവിരുദ്ധമായതൊന്നും ചെയ്തില്ലെന്നും ഈ നിയമ സംരക്ഷകർ ഏത് നിയമപ്രകാരമാണ് പ്രാർത്ഥന അർപ്പിക്കുന്നതിൽ നിന്ന് ഞങ്ങളെ തടയാൻ ശ്രമിച്ചതെന്ന് വിശദീകരിക്കണമെന്നനും ഉമർ അബ്ദുല്ല് പറഞ്ഞു.
രക്തസാക്ഷി കുടീരത്തിലേക്ക് വരുന്ന ഒമർ അബ്ദുല്ലയെ പോലീസ് വഴി തടഞ്ഞതിനെ തുടർന്ന് നൗഹാട്ട ചൗക്കിൽ നിന്ന് പാർട്ടി നേതാക്കളുടെയും കാബിനറ്റ് മന്ത്രിമാരുടെയും അകമ്പടിയോടെ അബ്ദുല്ല നടന്നു. ശേഷം അദ്ദേഹം നഖ്ഷ്ബന്ദ് സാഹിബ് ഖബർസ്ഥാന്റെ ഗേറ്റ് കയറി കുടീരത്തിനകത്തേക്ക് പ്രവേശക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വീഡിയോയിൽ കാണാം.
1931ൽ ശ്രീനഗറിലെ സെൻട്രൽ ജയിലിന് പുറത്ത് സ്വേച്ഛാധിപത്യ ഭരണത്തിനെതിരായി പ്രതിഷേധത്തിനിടെ ദോഗ്ര സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട 22 സാധാരണക്കാർ കൊല്ലപ്പെടുകയുണ്ടായി. ഇവരെ അനുസ്മരിക്കുന്ന ജൂലൈ 13 ജമ്മുവിൽ രക്തസാക്ഷി ദിനമായാണ് ആചരിക്കുന്നത്. വർഷങ്ങളായി ജമ്മുവിലെ സാധാരണക്കാരും പൊതുജനങ്ങളും നൗഹാട്ടയിലെ രക്തസാക്ഷികളുടെ ശവകുടീരത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചാണ് ഈ ദിവസം ആഘോഷിച്ചിരുന്നത്. ജമ്മുവിലെ പ്രത്യേക പദവി നീക്കം ചെയ്തതിനെ തുടർന്ന് അവധി ദിവസങ്ങളിൽ നിന്ന് രക്തം സാക്ഷി ദിനവും നീക്കം ചെയ്തിരുന്നു. ഇത് വിമർശനത്തിനടയാക്കിയിരുന്നു.