കോഴിക്കോട് – ഏഴ് വർഷത്തെ ഇടവേളയ്ക്കു ശേഷം കേരള ചലച്ചിത്ര അക്കാദമിയുടെ റീജനൽ ഫിലിം ഫെസ്റ്റിവലിനു കോഴിക്കോട് വേദിയാകുന്നു. ഓഗസ്‌റ്റ് 8 മുതൽ 11 വരെ കൈരളി, ശ്രീ, കോറണേഷൻ തിയറ്ററുകളിലാണു റീജനൽ ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് ഐഎഫ്എഫ്‌കെ യിൽ അരങ്ങേറിയ 50 സിനിമകൾ ഈ ഫെസ്‌റ്റിവലിൽ പ്രദർശിപ്പിക്കും. ലോക സിനിമ, ഇന്ത്യൻ സിനിമ, മലയാള സിനിമ വിഭാഗങ്ങളിൽ കഴിഞ്ഞ ഐഎഫ്എഫ്‌കെ യിൽ പ്രദർശിപ്പിച്ച സിനിമകളിൽ നിന്നു തിരഞ്ഞെടുത്ത മികച്ച സിനിമകളാണ് ഇവിടെ അരങ്ങേറുക.
ആദ്യ ഐഎഫ്എഫ്കെ യ്ക്ക് അരങ്ങൊരുങ്ങിയ കോഴിക്കോട്ട് ഏറ്റവും ഒടുവിൽ 2018 ലാണ് റീജനൽ ഫെസ്‌റ്റിവലിന് വേദിയായത്. ഈ സാഹചര്യത്തിലാണ് ഇത്തവണ റീജനൽ ചലച്ചിത്രോത്സവം കോഴിക്കോട്ട് കൊണ്ടുവരാൻ മാനാഞ്ചിറ ഫിലിം ഫെസ്‌റ്റിവൽ ഫോറം ശ്രമം തുടങ്ങിയത്. കെ.ജെ.തോമസ് പ്രസിഡന്റും കെ.ടി.ശേഖർ സെക്രട്ടറിയുമായ ഫോറം ഇതിനായി മന്ത്രി സജി ചെറിയാന് നിവേദനം നൽകി. തുടർ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള ചലച്ചിത്ര അക്കാദമി ഇത്തവണത്തെ റീജനൽ ചലച്ചിത്രോത്സം കോഴിക്കോടിന് അനുവദിച്ചത്. നാളെ വൈകിട്ട് 5 നു മാനാഞ്ചിറ സ്പോർട്‌സ് കൗൺസിൽ ഹാളിൽ സംഘാടക സമിതി രൂപീകരിക്കും