ന്യൂയോർക്ക്: ക്ലബ്ബ് ലോകകപ്പ് നേടിയ ചെൽസിക്കൊപ്പം ആഹ്ലാദ പ്രകടനത്തിൽ പങ്കെടുത്ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് ആരാധകരുടെ കൂവൽ. വിജയികൾക്കുള്ള ട്രോഫി കൈമാറിയ ശേഷം ട്രംപ് പിൻനിരയിലേക്ക് മാറുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും 79-കാരൻ കളിക്കാർക്കൊപ്പം ആഹ്ലാദ പ്രകടനത്തിൽ പങ്കെടുക്കുകയായിരുന്നു. ട്രംപിന്റെ ഈ തീരുമാനത്തിൽ അസ്വസ്ഥരായ ചെൽസി കളിക്കാർക്ക് ഒടുവിൽ യുഎസ് പ്രസിഡണ്ടിന്റെ കൂടെ വിജയം ആഘോഷിക്കേണ്ടി വന്നു.
ചെൽസിയും പിഎസ്ജിയും തമ്മിലുള്ള ഫൈനൽ മത്സരത്തിന്റെ കിക്ക് ഓഫിന് 35 മിനുട്ട് മുമ്പ് സ്റ്റേഡിയത്തിലെത്തിയ ട്രംപ്, ഭാര്യ മെലാനിയക്കും ഫിഫ പ്രസിഡണ്ട് ജിയോവന്നി ഇൻഫന്റിനോയ്ക്കും കൂടെയിരുന്നാണ് കളി കണ്ടത്. സ്റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനിൽ ട്രംപിനെ കാണിച്ചപ്പോഴെല്ലാം കാണികൾ നിർത്താതെ കൂവുകയായിരുന്നു. മത്സര ശേഷം വിജയികൾക്ക് ട്രോഫി നൽകുന്നതിനായി ട്രംപ് സ്റ്റേഡിയത്തിന്റെ മധ്യത്തിലേക്ക് നീങ്ങിയപ്പോൾ കൂവൽ ഉച്ചസ്ഥായിയിലായി.
കളിക്കാർക്കുള്ള വ്യക്തിഗത പുരസ്‌കാരങ്ങൾ കൈമാറിയ ട്രംപ്, ഇന്റഫന്റിനോയ്‌ക്കൊപ്പം ചേർന്നാണ് ചെൽസി ടീമിന് ലോകകപ്പ് ട്രോഫി സമ്മാനിച്ചത്. ട്രോഫി നൽകിയ ശേഷം വിശിഷ്ടാതിഥികൾ സ്റ്റേജിൽ നിന്ന് പിന്മാറുന്നതാണ് കീഴ് വഴക്കമെങ്കിലും, മാറി നിൽക്കുന്നതിനു പകരം വിജയികൾക്കൊപ്പം നിലയുറപ്പിക്കാനായിരുന്നു ട്രംപിന്റെ തീരുമാനം. കളിക്കാരുടെ അടുത്തു നിന്നു മാറാൻ ഫിഫ പ്രസിഡണ്ട് ഇൻഫന്റിനോയും പിന്നീട് ചെൽസി ക്യാപ്ടൻ റീസ് ജെയിംസും ആശ്യപ്പെട്ടെങ്കിലും ട്രംപ് അനുസരിച്ചില്ല. കളിക്കാർ ട്രോഫി ഉയർത്തി ആഹ്ലാദ പ്രകടനം നടത്തിയപ്പോൾ കൈയടികളുമായി ട്രംപ് അതിനൊപ്പം ചേർന്നു. ഇതിനു പിന്നാലെ ഇൻഫന്റിനോ എത്തിയാണ് ട്രംപിനെ വേദിയിൽ നിന്ന് മാറ്റിയത്.
കോൾ പാമറിന്റെ ഇരട്ട ഗോളുകളുടെ കരുത്തിൽ എതിരില്ലാത്ത മൂന്നു ഗോളിനാണ് ഫൈനലിൽ ചെൽസി പിഎസ്ജിയെ തകർത്തത്. ആദ്യപകുതിയിൽ മൂന്നു ഗോൾ വഴങ്ങിയ യൂറോപ്യൻ ചാമ്പ്യന്മാർക്ക് പിന്നീട് തിരിച്ചുവരവ് അസാധ്യമായിരുന്നു.