ന്യൂജേഴ്‌സി – ഫേവറിറ്റുകളായ പിഎസ്ജിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്തുവാരി ചെൽസിക്ക് ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോൾ കിരീടം. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ആദ്യ പകുതിയിൽ നേടിയ മൂന്നു ഗോളുകളാണ് നീലപ്പടയുടെ വിജയം നിശ്ചയിച്ചത്. രണ്ട് ഗോളടിച്ചും ജോവോ പെദ്രോയുടെ ഗോളിന് വഴിയൊരുക്കിയും കോൾ പാമർ മിന്നിത്തിളങ്ങിയപ്പോൾ ബയേൺ മ്യൂണിക്കിനെയും റയൽ മാഡ്രിഡിനെയുമെല്ലാം തകർത്തെറിഞ്ഞു മുന്നേറിയ പിഎസ്ജിക്ക് തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു.
ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ കോൾ പാമറും മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ, ചെൽസി കീപ്പർ റോബർട്ടോ സാഞ്ചസും ഏറ്റുവാങ്ങി.
യുവേഫ ചാമ്പ്യൻസ് ലീഗ് കീരിടം നേടുകയും ക്ലബ്ബ് ലോകകപ്പ് ടൂർണമെന്റിൽ ഉടനീളം മിന്നും പ്രകടനം കാഴ്ചവെച്ച് കലാശപ്പോരിനെത്തുകയും ചെയ്ത പിഎസ്ജിക്കെതിരെ കൃത്യമായ ഗെയിംപ്ലാൻ നിശ്ചയിക്കുകയും അത് കണിശമായി നടപ്പാക്കുകയും ചെയ്താണ് ചെൽസി കിരീടത്തിൽ മുത്തമിട്ടത്. സ്വതസിദ്ധമായ ശൈലിയിൽ പിഎസ്ജി കൂടുതൽ സമയം പന്ത് കാൽക്കൽ വെച്ചെങ്കിലും കിട്ടിയ അവസരങ്ങളിൽ കൗണ്ടർ അറ്റാക്ക് നടത്തിയ ചെൽസി ഒന്നിനു പിന്നാലെ മറ്റൊന്നായി ഗോളുകൾ നേടി കളി പിടിച്ചു.
ഏഴാം മിനുട്ടിൽ പെഡ്രോ നെറ്റോയുടെ പാസ് പോസ്റ്റിലേക്ക് വളച്ചിറക്കാനുള്ള പാമറുടെ ശ്രമം ഇഞ്ചുകൾ വ്യത്യാസത്തിന് പുറത്തുപോയപ്പോൾ തന്നെ പിഎസ്ജി അപകടം മണത്തതായിരുന്നു. കളി പുരോഗമിക്കവെ പിഎസ്ജി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും മാർക്ക് കുക്കുറേയയുടെയും സാഞ്ചസിന്റെയും ഇടപെടലുകൾ നിർണായകമായി.
പിഎസ്ജി കളിയുടെ നിയന്ത്രണം ഏറ്റെടുത്തു എന്ന് തോന്നിച്ച ഘട്ടത്തിലാണ് 22-ാം മിനുട്ടിൽ പാമർ ആദ്യവെടി പൊട്ടിക്കുന്നത്. ചെൽസി കീപ്പർ സാഞ്ചസ് നീട്ടിനൽകിയ പന്തുമായി കുതിച്ചുകയറിയ പെഡ്രോ ഗുസ്‌തോ പിഎസ്ജി ബോക്‌സിൽ നിന്ന് ഷോട്ടുതിർത്തെങ്കിലും ബ്ലോക്ക് ചെയ്യപ്പെട്ടു. എന്നാൽ പന്ത് നിയന്ത്രിച്ച ഗുസ്‌തോ കോൾ പാമർക്ക് ഒരു കട്ട്ബാക്ക് പാസ് നൽകി. ഇടങ്കാൽ കൊണ്ട് പോസ്റ്റിന്റെ ഇടതുഭാഗത്തേക്ക് സമർത്ഥമായി പ്ലേസ് ചെയ്ത പാമർ, ഡൈവ് ചെയ്ത പിഎസ്ജി കീപ്പർ ഡോണറുമ്മയ്ക്ക് അവസരം നൽകാതെ പന്ത് വലയിലാക്കി. (1-0).
പിഎസ്ജിയുടെ ഞെട്ടൽ മാറുംമുമ്പേ ആദ്യ ഗോളിന്റെ കാർബൺ കോപ്പി എന്നു വിളിക്കാവുന്ന മറ്റൊരു ഗോളിലൂടെ പാമർ ലീഡ് രണ്ടായി ഉയർത്തി. ഇത്തവണ വലതുഭാഗത്ത് കോൾവില്ലിൽ നിന്ന് പന്ത് സ്വീകരിച്ച് ബോക്‌സിൽ കയറിയാണ് പാമർ ഇടതുപോസ്റ്റിലേക്ക് പന്ത് പ്ലേസ് ചെയ്തത്. അവസാന നിമിഷം ഡൈവ് ചെയ്ത ഡോണറുമ്മയ്ക്ക് പിടിനൽകാതെ പന്ത് വലയിലെത്തി. (2-0).
രണ്ടാം ഗോൾ വഴങ്ങിയ ശേഷം പിഎസ്ജി ആക്രമണം കടുപ്പിക്കാൻ ശ്രമിച്ചെങ്കിലും 43-ാം മിനുട്ടിൽ അവരുടെ ശവപ്പെട്ടിയിൽ അവസാന ആണിയും കയറി. ബോക്‌സിനു പുറത്തുനിന്ന് കോൾ പാമർ നീക്കി നൽകിയ പന്ത് ഓടിപ്പിടിച്ചെടുത്ത ജോവോ പെഡ്രോ മുന്നോട്ടു കയറിയ ഡോണറുമ്മയ്ക്കു മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് വലയിലാക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ പിഎസ്ജി ശക്തമായ ആക്രമണം നടത്തിയെങ്കിലും കടുത്ത പ്രതിരോധം തീർത്ത് ചെൽസി അപകടമൊഴിവാക്കി. മറുവശത്ത് സബ്സ്റ്റിറ്റിയൂട്ട് ആയിറങ്ങിയ ഡിലാപ്പിന്റെ രണ്ട് മികച്ച ശ്രമങ്ങൾ വിഫലമാക്കി ഡോണറുമ്മ പിഎസ്ജിയുടെ പരാജയ ഭാരം കുറക്കുകയും ചെയ്തു. 84-ാം മിനുട്ടിൽ കുക്കുറേയയുടെ മുടി പിടിച്ചുവലിച്ചതിന് രണ്ടാം മഞ്ഞക്കാർഡ് കണ്ട് ഡിഫന്റർ നെവസ് പുറത്തായതോടെ പിഎസ്ജിയുടെ പതനം പൂർണമായി.