ന്യൂദൽഹി- കണ്ണൂരിൽനിന്നുള്ള ബി.ജെ.പി നേതാവ് സി.സദാനന്ദൻ രാജ്യസഭയിലേക്ക്. കണ്ണൂർ കൂത്തുപറമ്പ് ഉരുവച്ചാൽ സ്വദേശിയായ സദാനന്ദനെ നിർദേശിച്ച് രാഷ്ട്രപതി വിജ്‌ഞാപനം ഇറക്കി. 1994ൽ സിപിഎം ആക്രമണത്തിൽ കാൽ നഷ്ടപ്പെട്ടയാളാണ് സദാനന്ദൻ. മഹാരാഷ്ട്രയിൽനിന്നുള്ള അഭിഭാഷകനായ ഉജ്വൽ നികം, മുൻവിദേശകാര്യമന്ത്രി ഹർഷ വർധൻ സൃംഗ്ല, ചരിത്രകാരി മീനാക്ഷി ജയിൻ എന്നിവരും രാജ്യസഭയിൽ അംഗങ്ങളാകും.
പദവിയെ സംബന്ധിച്ച് പ്രധാനമന്ത്രി നേരത്തെ സൂചന നൽകിയിരുന്നുവെന്നും അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും സദാനന്ദൻ പറഞ്ഞു. കേരളത്തിനും കേരളത്തിലെ പാർട്ടി പ്രവർത്തനത്തിനും ശക്‌തിപകരുന്ന തീരുമാനമാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചതെന്നും തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇത് ഗുണം ചെയ്യുമെന്നും സദാനന്ദൻ പറഞ്ഞു.


1984 ബാച്ച് ഐഎഫ്എഫ് ഓഫിസറാണ് ഹർഷ വർധൻ. യു.എസിലെ ഇന്ത്യൻ അംബാസഡറായി പ്രവർത്തിച്ചിട്ടുണ്ട്. 26/11 മുംബൈ ഭീകരാക്രമണം, 1993 മുംബൈ സ്ഫോടന പരമ്പര ഉൾപ്പെടെ പ്രമാദമായ കേസുകളിൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന നികം മുംബൈ നോർത്ത് സെൻട്രൽ മണ്ഡലത്തിൽ 2024ൽ ബിജെപി സ്ഥാനാർഥിയായാണു ജനവിധി തേടിയെങ്കിലും വിജയിക്കാനായില്ല. ചരിത്രകാരിയായ ജയിൻ ഡൽഹി ഗാർഹി കോളജിലെ അസോഷ്യേറ്റ് പ്രൊഫസറായിരുന്നു.