ഗുരുഗ്രാം: വർഷങ്ങളായി അയാൾ അവളുടെ ജീവിതം ദുരിതപൂർണ്ണമാക്കി, അവളെ നിരന്തരം കുറ്റപ്പെടുത്തി. ഒടുവിൽ, അവളുടെ വിജയത്തിൽ അസൂയപ്പെടുന്ന സുഹൃത്തുക്കൾ എന്ന് വിളിക്കപ്പെടുന്നവരുടെ വാക്കുകൾ കേട്ട് സ്വന്തം മകളുടെ നെഞ്ചിലേക്ക് അഞ്ചു തവണ വെടിയുതിർത്തു. അവളെ കൊന്നു.
ഗുരുഗ്രാമിലെ 25 കാരിയായ ടെന്നീസ് കളിക്കാരിയായ രാധിക യാദവിനെ പിതാവ് ദീപക് യാദവ് വെടിവച്ചു കൊന്നതുമായി ബന്ധപ്പെട്ട്, രാധികയുടെ സുഹൃത്ത് ഹിമാൻഷിക സിംഗ് രജ്പുത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരിക കുറിപ്പിലാണ് ഇക്കാര്യമുള്ളത്.
“എന്റെ ഉറ്റ സുഹൃത്ത് രാധികയെ സ്വന്തം അച്ഛൻ കൊലപ്പെടുത്തി. അയാൾ അഞ്ച് തവണ വെടിവച്ചു. നാല് വെടിയുണ്ടകൾ അവളുടെ നേരെ തുളച്ചു കയറി. വർഷങ്ങളായി അയാൾ അവളുടെ ജീവിതം ദുരിതപൂർണ്ണമാക്കി, നിരന്തരമായ വിമർശനങ്ങൾ നടത്തി. ഒടുവിൽ, അവളുടെ വിജയത്തിൽ അസൂയപ്പെടുന്നവരുടെ വാക്കു കേട്ട് അയാൾ അവളെ കൊന്നു. സ്വന്തം വീട്ടിൽ രാധികക്ക് കർശനമായ നിയന്ത്രണങ്ങളുണ്ടായിരുന്നു. ടെന്നീസ് വേഷം ധരിക്കുന്നതിനെതിരെ മാതാപിതാക്കൾ അവരെ ക്രൂരമായി അപമാനിച്ചു. ടെന്നീസ് കരിയറിൽ രാധിക വളരെയധികം കഠിനാധ്വാനം ചെയ്തു, സ്വന്തമായി ഒരു അക്കാദമി പോലും നിർമ്മിച്ചു. പോരാടിയാണ് രാധിക വളർന്നത്. പക്ഷേ അവൾ സ്വതന്ത്രയായി ജീവിക്കുന്നത് സഹിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഷോർട്ട്സ് ധരിച്ചതിനും, ആൺകുട്ടികളോട് സംസാരിച്ചതിനും, സ്വന്തം ഇഷ്ടപ്രകാരം ജീവിതം നയിച്ചതിനും മാതാപിതാക്കൾ അവരെ അപമാനിച്ചു- ഹിമാൻഷി പറഞ്ഞു.
ഗുരുഗ്രാമിലെ സെക്ടർ 57 ലെ കുടുംബ വസതിയിൽ വെച്ചാണ് ദീപക് രാധികയെ പിതാവ് ദീപക് യാദവ് വെടിവെച്ചു കൊന്നത്. അഞ്ച് വെടിയുണ്ടകൾ അവരുടെ ശരീരത്തിൽ പതിച്ചതായി പോലീസ് പറഞ്ഞു; നാല് വെടിയുണ്ടകൾ രാധികയുടെ പുറകിലും ഒന്ന് തോളിലും തുളച്ചുകയറി. അടുത്തുള്ള ഒരു ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്ച കുടുംബത്തിന്റെ ജന്മനാടായ വസീറാബാദിൽ അന്ത്യകർമങ്ങൾ നടന്നു.
“2012-ലോ 2013-ലോ ഞങ്ങൾ ഒരുമിച്ച് കളിക്കാൻ തുടങ്ങി. ഞങ്ങൾ ഒരുമിച്ച് യാത്ര ചെയ്തു, ഒരുമിച്ച് മത്സരങ്ങൾ കളിച്ചു. അവൾ കുടുംബത്തിന് പുറത്തുള്ള ആരോടും സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. വീട്ടിലെ നിയന്ത്രണങ്ങൾ കാരണം അവൾ വളരെ ഒതുങ്ങി നിൽക്കുന്നവളായിരുന്നു. ഓരോ യാത്രക്കും അവൾക്ക് കണക്ക് പറയേണ്ടി വന്നു. വീഡിയോ കോളുകളിൽ പോലും, താൻ ആരോടാണ് സംസാരിക്കുന്നതെന്ന് അവൾക്ക് മാതാപിതാക്കളെ കാണിക്കേണ്ടിവന്നു. അത് ഞാൻ മാത്രമാണെന്ന് തെളിയിക്കാൻ എനിക്ക് ക്യാമറയിൽ പ്രത്യക്ഷപ്പെടേണ്ടിവന്നു. അവളുടെ ടെന്നീസ് അക്കാദമി 50 മീറ്റർ മാത്രം അകലെയാണെങ്കിൽ പോലും വൈകി വരുന്നത് സഹിക്കാൻ വീട്ടുകാർക്ക് സാധ്യമില്ലായിരുന്നു. അവൾക്ക് വീഡിയോകൾ എടുക്കുന്നതും ഫോട്ടോ എടുക്കുന്നതും ഇഷ്ടമായിരുന്നു. പക്ഷേ അവൾ ക്രമേണ അതെല്ലാം നിർത്തി. അവൾ സ്വതന്ത്രയായിരിക്കുന്നത് വീട്ടുകാർക്ക് ഇഷ്ടപ്പെട്ടില്ല.”
കൊലപാതകത്തിന് പിന്നിൽ ഒരു വർഗീയ ലക്ഷ്യമുണ്ടെന്ന അഭ്യൂഹങ്ങൾ ഹിമാൻഷി തള്ളിക്കളഞ്ഞു. “ആളുകൾ ലവ് ജിഹാദിനെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ തെളിവ് എവിടെ? അവൾ ആരോടും സംസാരിച്ചില്ല. അവൾ ഒറ്റപ്പെട്ടു. അവളുടെ വീട് സ്വാതന്ത്ര്യത്തിന്റെ സ്ഥലമായിരുന്നില്ല. കൊലപാതകത്തിന് പിന്നിൽ വർഗീയ കാരണങ്ങളില്ലെന്ന് പോലീസ് പറഞ്ഞു. കൊല നടത്തിയ പിതാവ് ദീപകിനെ അറസ്റ്റ് ചെയ്ത് പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. തോക്കും ബാക്കിയുള്ള വെടിയുണ്ടകളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. പ്രതി കുറ്റം സമ്മതിച്ചുവെന്നും പശ്ചാത്താപം പ്രകടിപ്പിച്ചുവെന്നും ദീപകിന്റെ മൂത്ത സഹോദരൻ വിജയ് യാദവ് മാധ്യമപ്രവർത്തകരുമായുള്ള മറ്റൊരു അഭിമുഖത്തിൽ അവകാശപ്പെട്ടു. “അയാൾ തന്നെ തൂക്കിലേറ്റണമെന്ന് പറഞ്ഞു. തന്റെ തെറ്റ് അയാൾക്ക് മനസ്സിലായി. കുടുംബം മുഴുവൻ ഞെട്ടലിലാണ്.”
രാധികയും അവരുടെ പരിശീലകനായ അജയ് യാദവും തമ്മിലുള്ള വാട്ട്‌സ്ആപ്പ് സംഭാഷണം പുറത്തുവന്നതായും പോലീസ് സ്ഥിരീകരിച്ചു, അതിൽ രാധിക വീട് വിട്ട് വിദേശത്തേക്ക് പോകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായി പറയപ്പെടുന്നു. “തോളെല്ലിന് പരിക്കേറ്റതിനെത്തുടർന്ന് അവൾ തന്റെ കരിയർ മാറ്റുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പറഞ്ഞു. ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആകുന്നതിനെക്കുറിച്ച് അവൾ ചർച്ച ചെയ്തിരുന്നു, പിന്നീട് പരിശീലനം ആരംഭിച്ചു. കുടുംബത്തിന് നാണക്കേട് വരുത്തുന്ന ഒന്നും ചെയ്യില്ലെന്ന് അവൾ അച്ഛന് ഉറപ്പ് നൽകിയിരുന്നു. പക്ഷേ അയാൾ എപ്പോഴും അസന്തുഷ്ടനായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥ പറഞ്ഞു.