അല്‍ബാഹ – അല്‍ബാഹ പ്രവിശ്യയില്‍ പെട്ട ബല്‍ജുര്‍ശിയില്‍ നല്ല വേഗതയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് റോഡില്‍ വീണ പിഞ്ചുബാലന്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ബല്‍ജുര്‍ശിയിലെ തിരക്കേറിയ സിഗ്നലിലാണ് അപകടം. സിഗ്നലില്‍ മറ്റൊരു റോഡിലേക്ക് തിരിഞ്ഞുകയറുന്നതിനിടെ കാറിന്റെ പിന്‍വശത്തെ ഡോര്‍ അപ്രതീക്ഷിതമായി തുറക്കുകയും പിന്‍വശത്തെ സീറ്റില്‍ ഇരിക്കുകയായിരുന്ന ബാലന്‍ ബാലന്‍ റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. കാറിന്റെ വേഗതയുടെയും വീഴ്ചയുടെയും ആഘാതത്തില്‍ ബാലന്‍ ഒന്നിലധികം തവണ കരണം മറിഞ്ഞ് മീറ്ററുകളോളം ദൂരേക്കാണ് തെറിച്ചുവീണത്.
ഇതിന്റെ ദൃശ്യങ്ങള്‍ സിഗ്നലില്‍ പിന്‍വശത്തെ റോഡില്‍ നിര്‍ത്തിയിട്ട കാറിലെ ഡാഷ് ക്യാം ചിത്രീകരിച്ചു. ഈ വീഡിയോ പിന്നീട് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ബാലന്റെ കുടുംബത്തിന്റെ കാറിനു പിന്നില്‍ സമീപത്തെ ട്രാക്കിലൂടെ സഞ്ചരിച്ചിരുന്ന കാറിനു മുന്നിലേക്കാണ് ബാലന്‍ തെറിച്ചുവീണത്. ഈ കാറിന്റെ ഡ്രൈവര്‍ അപകടം കണ്ട് ക്ഷിപ്രവേഗത്തില്‍ ബ്രേക്ക് ആഞ്ഞുചവിട്ടി കാര്‍ നിര്‍ത്തിയതിനാല്‍ മാത്രമാണ് ബാലന്‍ രക്ഷപ്പെട്ടത്. ബാലന്റെ ശരീരത്തില്‍ നിന്ന് തലനാരിഴ ദൂരത്തിലാണ് കാര്‍ നിന്നത്.
കാറില്‍ നിന്ന് ചാടിയിറങ്ങി ഡ്രൈവര്‍ ബാലനെ വാരിയെടുത്തു. നിമിഷ നേരം കൊണ്ട് കാര്‍ നിര്‍ത്തി കുടുംബാംഗങ്ങള്‍ ഓടിയെത്തി ബാലനെ എടുത്ത് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി. ബാലന്‍ രക്ഷപ്പെട്ടതില്‍ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ സന്തോഷവും ആശ്വാസവും പ്രകടിപ്പിച്ചു. കുട്ടികള്‍ കാറിലുണ്ടെങ്കില്‍ പിന്‍വശത്തെ ഡോര്‍ ചൈല്‍ഡ് ലോക്ക് ഉപയോഗിച്ച് നന്നായി അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ട്വിറ്റര്‍ ഉപയോക്താക്കളില്‍ ഒരാള്‍ നിര്‍ദേശിച്ചു.