തൃശൂർ– കറിവേപ്പില പറിക്കാൻ പുറങ്ങിയ വീട്ടമ്മ മതിലോടെ തോട്ടിൽ വീണു. ശക്തമായ മഴയെ തുടർന്നാണ് വീടിന്റെ പിൻഭാഗത്തായി സ്ഥിതി ചെയ്യുന്ന മതിൽ ഇടിഞ്ഞ് വീണത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ആയിരുന്നു സംഭവം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാരാത്തേതിൽ എംഎച്ച് ഷാനവാസിന്റെ വീടിന്റെ മതിൽ ഇടിഞ്ഞ് ഭാര്യ ഷീനയാണ് താഴ്ചയിലേക്ക് പതിച്ചത്.
വീടിനു പിന്നിലൂടെ ഒഴുകുന്ന അകമല തോടിന്റെ വീടിനോട് ചേർന്നഭാഗം കരിങ്കല്ല് കെട്ടി സംരക്ഷിച്ചിരുന്നു. ആറുമീറ്ററോളം ഉയരത്തിലുള്ള കരിങ്കൽ ഭിത്തിയും ആണ് സംരക്ഷണത്തിനായി പണിതിരുന്നത്. മഴ പെയ്യുന്ന സമയത്ത്, ഭിത്തിക്ക് സമീപത്തായുള്ള കറിവേപ്പില പറിക്കുവാനായി പോയ നേരത്താണ് കരിങ്കല്ല് ഉൾപ്പെടെ തകർന്ന് തോട്ടിലേക്ക് വീണത്.
ജോലി കഴിഞ്ഞ് ഷാനവാസ് വീട്ടിലെത്തിയ സമയത്തായിരുന്നു അപകടം സംഭവിക്കുന്നത്. തോട്ടിലേക്ക് വീണ ശബ്ദം കേട്ട് ഓടിയെത്തിയ ഷാനവാസ് ഷീനയെ കോണി ഉപയോഗിച്ച് കരയിലെത്തിക്കുകയായിരുന്നു. അപകടത്തിൽ ഷീനക്ക് പരിക്കുകൾ ഒന്നും സംഭവിച്ചിട്ടില്ല. ഏകദേശം ആറു മീറ്ററോളം വീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് അപകട സാധ്യത നിലനിൽക്കുന്നതിനാൽ വീട്ടിൽനിന്ന് ബന്ധു വീട്ടിലേക്ക് താമസം മാറ്റി.