ജിദ്ദ – ഗൾഫ് രാജ്യങ്ങളിലെ പ്രവാസി നിക്ഷേപകർക്ക് സൗദി ഓഹരി വിപണിയിൽ നേരിട്ട് വ്യാപാരം നടത്താനുള്ള അനുമതിയായി. സൗദി ഓഹരി വിപണിയുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കാനും പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളുമായി ഒത്തുപോകാനും ലക്ഷ്യമിട്ട് പുതിയ ഭേദഗതികൾ സൗദി കാപിറ്റൽ മാർക്കറ്റ് അതോറിറ്റിയാണ് പ്രഖ്യാപിച്ചത്. സൗദി ഓഹരി വിപണിയില്‍ നിക്ഷേപ അക്കൗണ്ടുകള്‍ തുറക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ ഭേദഗതികളാണ് അംഗീകരിച്ചത്.
ഇതനുസരിച്ച് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ താമസിക്കുന്ന വിദേശ നിക്ഷേപകർക്ക്, ക്വാളിഫൈഡ് ഫോറിന്‍ ഇന്‍വെസ്റ്റര്‍ പദവി നേടേണ്ട ആവശ്യമില്ലാതെ തന്നെ സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളില്‍ നേരിട്ട് നിക്ഷേപിക്കാം.
ഗള്‍ഫ് രാജ്യങ്ങളിലെ താമസ കാലാവധി അവസാനിച്ച ശേഷവും വിദേശ നിക്ഷേപകര്‍ക്ക് അവരുടെ സൗദി ഓഹരി വിപണിയിലെ നിക്ഷേപങ്ങള്‍ നിലനിര്‍ത്താനും ഓഹരി ക്രയവിക്രയം തുടരാനും ഈ ഭേദഗതികള്‍ അനുവദിക്കുന്നു. ഇത് നടപടിക്രമങ്ങൾ എളുപ്പമാക്കുകയും നിക്ഷേപക സംരക്ഷണം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഭേദഗതികള്‍ പ്രസിദ്ധീകരിച്ച തീയതി മുതല്‍ പ്രാബല്യത്തില്‍ വന്നതായി കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി വ്യക്തമാക്കി.