തിരുവനന്തപുരം ∙ കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ (കീം) പ്രവേശന പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം കവടിയാർ സ്വദേശി ജോഷ്വാ ജേക്കബ് തോമസ് ഒന്നാം റാങ്ക് സ്വന്തമാക്കി. പഴയ റാങ്ക് ലിസ്റ്റിൽ ഒന്നാമനായിരുന്ന ജോൺ ഷിനോജ് പുതിയ പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എറണാകുളം സ്വദേശി ഹരിഷികൻ ബൈജു രണ്ടാം റാങ്കും തിരുവനന്തപുരം സ്വദേശി എമിൽ ഐപ് സക്കറിയ മൂന്നാം റാങ്കും നേടി.
പഴയ റാങ്ക് പട്ടികയിൽ ജോഷ്വാ ജേക്കബ് തോമസ് അഞ്ചാം സ്ഥാനത്തായിരുന്നു, എന്നാൽ പുതിയ പട്ടികയിൽ ഒന്നാമനായി. ഹരിഷികൻ ബൈജു രണ്ടാം സ്ഥാനം രണ്ടു പട്ടികകളിലും നിലനിർത്തി. പഴയ പട്ടികയിൽ മൂന്നാമനായിരുന്ന അക്ഷയ് ബിജു എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നാലാം റാങ്കുകാരനായ അദൽ സയാൻ സ്ഥാനം നിലനിർത്തി. പഴയ പട്ടികയിൽ ആറാമനായിരുന്ന എമിൽ ഐപ് സക്കറിയ പുതിയ പട്ടികയിൽ മൂന്നാമതെത്തി.
പുതിയ റാങ്ക് പട്ടികയിൽ 5, 6, 9, 10 സ്ഥാനങ്ങളിൽ എത്തിയവർ പഴയ പട്ടികയിൽ ആദ്യ പത്തിൽ ഇടംപിടിച്ചിരുന്നില്ല. അതേസമയം, പഴയ പട്ടികയിലെ 7, 8, 9, 10 റാങ്കുകാർക്ക് പുതിയ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടാനായില്ല.
പഴയ 1:1:1 അനുപാതത്തിൽ മാർക്ക് കണക്കാക്കിയാണ് പുതുക്കിയ റാങ്ക് ലിസ്റ്റ് തയാറാക്കിയത്. പുതിയ ഫോർമുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു, ഇത് ഡിവിഷൻ ബെഞ്ച് ശരിവച്ചതിനെ തുടർന്നാണ് പഴയ ഫോർമുല അനുസരിച്ച് പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. പുതുക്കിയ റാങ്ക് ലിസ്റ്റിൽ കേരള സിലബസിലുള്ള വിദ്യാർഥികൾക്ക് മുൻതൂക്കം നഷ്ടമായതായി റിപ്പോർട്ടുകൾ.
- ആദ്യ 100 റാങ്ക്: കേരള സിലബസിൽ നിന്ന് 21 പേർ, സിബിഎസ്ഇ സിലബസിൽ നിന്ന് 79 പേർ. പഴയ റാങ്ക് ലിസ്റ്റിൽ ആദ്യ 100-ൽ 43 പേർ കേരള സിലബസിൽ നിന്നായിരുന്നു.
- ആദ്യ 5000 റാങ്ക്: കേരള സിലബസിൽ നിന്ന് 1796 പേർ, സിബിഎസ്ഇയിൽ നിന്ന് 2960 പേർ, ഐസിഎസ്ഇയിൽ നിന്ന് 201 പേർ.
- മൊത്തം പരീക്ഷ എഴുതിയവർ: 86,549 വിദ്യാർഥികൾ. ഇതിൽ 76,230 പേർ യോഗ്യത നേടി, 67,505 പേർ റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചു.
- റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ: കേരള സിലബസിൽ നിന്ന് 47,175 പേർ, സിബിഎസ്ഇയിൽ നിന്ന് 18,284 പേർ, ഐസിഎസ്ഇയിൽ നിന്ന് 1,415 പേർ.
ആദ്യ 100 റാങ്കിൽ ഏറ്റവും കൂടുതൽ പേർ എറണാകുളം ജില്ലയിൽ നിന്നാണ് – 25 പേർ. തിരുവനന്തപുരത്ത് നിന്ന് 13 പേരും കോഴിക്കോട് നിന്ന് 11 പേരും ആദ്യ 100-ൽ ഇടംപിടിച്ചു. ആദ്യ 100 റാങ്കിൽ 77 ആൺകുട്ടികളും 23 പെൺകുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്.