ഗാസ – ഈജിപ്ത് അതിര്‍ത്തിയിലെ ഇസ്രായില്‍ സൈനിക സാന്നിധ്യത്തെ കുറിച്ച തര്‍ക്കങ്ങള്‍ ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥര്‍ നടത്തുന്ന ശ്രമങ്ങള്‍ സങ്കീര്‍ണമാക്കുന്നു. വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട് ഹമാസും ഇസ്രായിലും തമ്മിലുള്ള തര്‍ക്കത്തില്‍ ശേഷിക്കുന്ന പ്രധാനപ്പെട്ട ഒറ്റ പോയിന്റ് ആണിത്. ഈജിപ്ത് അതിര്‍ത്തിക്കടുത്തുള്ള തന്ത്രപരമായ അച്ചുതണ്ടിന്റെ ഇസ്രായിലിന്റെ നിയന്ത്രണം ഈജിപ്തും ശക്തമായി നിരാകരിക്കുന്നു.
ഈജിപ്ത് അതിര്‍ത്തിക്കടുത്തുള്ള ഫിലാഡല്‍ഫി 1, 2 അച്ചുതണ്ടുകളില്‍ നിന്ന് പിന്മാറില്ലെന്ന് ഇസ്രായില്‍ വാശിപിടിച്ചാല്‍ ചര്‍ച്ചകള്‍ വഴിമുട്ടുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു.
കഴിഞ്ഞ വര്‍ഷം അതിര്‍ത്തിക്കടുത്തുള്ള ഫിലാഡല്‍ഫി ഇടനാഴി ഇസ്രായില്‍ വീണ്ടും കൈവശപ്പെടുത്തിയത് ഈജിപ്ത് നിരാകരിച്ചിരുന്നു. ഇവിടെ നിന്ന് ഇസ്രായില്‍ ഉടന്‍ പിന്‍വാങ്ങണമെന്ന് ഈജിപ്ത് ആവശ്യപ്പെട്ടു. കഴിഞ്ഞ ഏപ്രിലില്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മൊറാഗ് ഇടനാഴി നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത പ്രഖ്യാപിച്ചു. ഈ സൈനിക റോഡിന്റെ അധിനിവേശം റഫയെ ഗാസ മുനമ്പില്‍ നിന്ന് വേര്‍പ്പെടുത്തും. റഫയില്‍ കുറഞ്ഞത് ആറു ലക്ഷം ഫലസ്തീനികളെ സ്വീകരിക്കാനായി പുതിയ മാനുഷിക മേഖല സ്ഥാപിക്കുമെന്നും അത് ഹമാസില്‍ നിന്ന് മുക്തമാകുമെന്നും ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് പറഞ്ഞു.
അതിര്‍ത്തിയില്‍ ഈജിപ്തിന് സ്വീകാര്യമല്ലാത്ത കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സമീപനത്തില്‍ ഇസ്രായില്‍ മാറ്റം വരുത്താത്തിടത്തോളം വെടിനിര്‍ത്തലിന് സാധ്യതയുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് ഈജിപ്ഷ്യന്‍ കൗണ്‍സില്‍ ഫോര്‍ ഫോറിന്‍ അഫയേഴ്സിന്റെ തലവനും മുന്‍ വിദേശ മന്ത്രിയുമായ മുഹമ്മദ് അല്‍അറാബി പറഞ്ഞു. ചര്‍ച്ചകള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ട്. വെടിനിര്‍ത്തല്‍ കരാറിനുള്ള അവസാന അവസരം ക്രമേണ മങ്ങുകയാണെന്ന് തോന്നുന്നു. കരാര്‍ അംഗീകരിക്കാന്‍ ഇസ്രായിലിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഗൗരവത്തായ നീക്കങ്ങളൊന്നുമില്ലെന്നും മുഹമ്മദ് അല്‍അറാബി പറഞ്ഞു.
തെക്കന്‍, കിഴക്കന്‍ ഗാസ മുനമ്പില്‍ നിന്ന് പിന്മാറില്ലെന്ന ഇസ്രായിലിന്റെ നിര്‍ബന്ധം നിര്‍ബന്ധിത കുടിയിറക്കല്‍ പദ്ധതി ഇപ്പോഴും നിലവിലുണ്ടെന്ന ആശങ്ക ശക്തിപ്പെടുത്തുന്നു. ഇത് യഥാര്‍ഥ ശാന്തതയോ സമഗ്രമായ രാഷ്ട്രീയ പരിഹാരമോ കൈവരിക്കാനുള്ള ഏതൊരു ശ്രമത്തെയും ദുര്‍ബലപ്പെടുത്തുന്നതായി ഹമാസ് കാര്യങ്ങളില്‍ വൈദഗ്ധ്യം നേടിയ ഫലസ്തീന്‍ രാഷ്ട്രീയ വിശകലന വിദഗ്ധനായ ഇബ്രാഹിം അല്‍മദ്ഹൂന്‍ പറഞ്ഞു.
ഈ അച്ചുതണ്ടില്‍ തുടരാനുള്ള ഇസ്രായിലിന്റെ നിര്‍ബന്ധം മധ്യസ്ഥരുടെ ശ്രമങ്ങളെ സങ്കീര്‍ണ്ണമാക്കുകയും കുടിയിറക്കല്‍ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള അവരുടെ ഉദ്ദേശ്യങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യുന്നതായി ഫലസ്തീന്‍ രാഷ്ട്രീയ വിശകലന വിദഗ്ധന്‍ നിസാര്‍ നസാല്‍ പറഞ്ഞു. ദേശീയ സുരക്ഷക്ക് ഭീഷണിയായതിനാല്‍ ഈജിപ്ത് ഇത് അംഗീകരിക്കില്ല. എന്നാല്‍ നെതന്യാഹുവിനു മേലുള്ള അമേരിക്കന്‍ സമ്മര്‍ദം അദ്ദേഹത്തെ ഈ അച്ചുതണ്ടിലെ സൈനിക സാന്നിധ്യം കുറക്കാനും ഇടക്കാല വെടിനിര്‍ത്തല്‍ കരാറിലെത്താനും പ്രേരിപ്പിച്ചേക്കാമെന്നും നിസാര്‍ നസാല്‍ പറഞ്ഞു.