ദുബായ് – ഈ വര്‍ഷം ആദ്യത്തെ ആറ് മാസങ്ങളില്‍ ദുബായ് പോലീസ് തടവുകാര്‍ക്ക് 65 ലക്ഷത്തിലേറെ ദിര്‍ഹമിന്റെ സാമ്പത്തിക, ഭൗതിക സഹായങ്ങള്‍ നല്‍കി. ഏതാനും പങ്കാളികളുമായി സഹകരിച്ച് ദുബായ് പോലീസിലെ മാനുഷിക പരിചരണ വിഭാഗം വഴിയാണ് 65,99,116 ദിര്‍ഹമിന്റെ സഹായങ്ങള്‍ വിതരണം ചെയ്തത്. ജയിലുകളിലെ പുരുഷ, വനിതാ തടവുകാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.
ഈ സംരംഭത്തിന് സംഭാവന നല്‍കിയ ജീവകാരുണ്യ സംഘടനകള്‍, കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍, ഉദാരമതികള്‍ എന്നിവരുടെ ശ്രമങ്ങളെ ജയില്‍ വകുപ്പ് ഡയറക്ടര്‍ മേജര്‍ ജനറല്‍ മര്‍വാന്‍ അബ്ദുല്‍കരീം ജുല്‍ഫാര്‍ പ്രശംസിച്ചു. യു.എ.ഇ സമൂഹത്തിന്റെ ഹൃദയത്തിലുള്ള കാരുണ്യം, ഐക്യദാര്‍ഢ്യം എന്നിവയുടെ ശക്തമായ മൂല്യങ്ങളെയാണ് തടവുകാര്‍ക്കുള്ള സാമ്പത്തിക പിന്തുണ പ്രതിഫലിപ്പിക്കുന്നത്.
ആളുകള്‍ എത്രമാത്രം കരുതല്‍ കാണിക്കുന്നുവെന്ന് ഈ സംഭാവനകള്‍ വ്യക്തമാക്കുന്നു. തടവുകാരുടെ സാമ്പത്തിക ഭാരങ്ങള്‍ ലഘൂകരിക്കാന്‍ സംഭാവനകള്‍ സഹായിക്കുന്നു. തങ്ങള്‍ വിസ്മരിക്കപ്പെടുന്നില്ലെന്ന് അവരെ ഓര്‍മിപ്പിക്കുന്നു. സ്വന്തം ജീവിതം മാറ്റാനുള്ള അവസരം ലഭിക്കാന്‍ എല്ലാവര്‍ക്കും അര്‍ഹതയുണ്ട്. തടവുകാര്‍ക്കൊപ്പം നില്‍ക്കുകയും വെല്ലുവിളികളെ മറികടക്കാന്‍ അവരെ സഹായിക്കുകയും ചെയ്ത സ്വകാര്യ മേഖലക്കും മനുഷ്യസ്നേഹികള്‍ക്കും സാമൂഹിക സ്ഥാപനങ്ങള്‍ക്കും മേജര്‍ ജനറല്‍ മര്‍വാന്‍ അബ്ദുല്‍കരീം ജുല്‍ഫാര്‍ നന്ദി പറഞ്ഞു.
ദുബായ് പോലീസിലെ ഹ്യമുമാനിറ്റേറിയന്‍ കെയര്‍ ടീമിന്റെ പ്രവര്‍ത്തനങ്ങളെ മേജര്‍ ജനറല്‍ മര്‍വാന്‍ അബ്ദുല്‍കരീം ജുല്‍ഫാര്‍ എടുത്തുപറഞ്ഞു. വൈകാരികവും സാമ്പത്തികവും പ്രായോഗികവും ആയ പൂര്‍ണ പിന്തുണ നല്‍കാനുള്ള അവരുടെ സമര്‍പ്പണം പ്രശംസനീയമാണ്.
വാടക കുടിശ്ശിക തീര്‍ക്കല്‍, ചികിത്സകള്‍ക്കുള്ള പണം നല്‍കല്‍, ജയില്‍ മോചിതരാകുന്ന തടവുകാര്‍ക്ക് യാത്രാ ടിക്കറ്റുകള്‍ വാങ്ങല്‍, കുട്ടികളുടെ സ്‌കൂള്‍ ഫീസ് വഹിക്കല്‍, ജയില്‍ സമൂഹത്തിന് സന്തോഷം നല്‍കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കല്‍ എന്നിങ്ങനെ നിരവധി പ്രധാന ആവശ്യങ്ങള്‍ക്കാണ് സാമ്പത്തിക സഹായം വിനിയോഗിച്ചതെന്നും മേജര്‍ ജനറല്‍ മര്‍വാന്‍ അബ്ദുല്‍കരീം ജുല്‍ഫാര്‍ പറഞ്ഞു.