വാഷിങ്ടൺ– മധ്യപൂർവ്വ രാജ്യങ്ങളിൽ ആദ്യമായി ഫിഫ ലോക കപ്പ് വിജയകരമായി നടത്തിയ പരിചയ സാമ്പത്ത് അമേരിക്കയുമായി പങ്കുവെക്കാൻ ഖത്തർ. അമേരിക്കയിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് 2026 ന്റെ പശ്ചാത്തലത്തിൽ സുരക്ഷാ രംഗത്ത് സഹകരിക്കാൻ ഇരു രാജ്യങ്ങളും ധാരണയിൽ എത്തി. ഇതു സംബന്ധിച്ച കരാറിൽ ഖത്തർ ആഭ്യന്തര മന്ത്രാലയവും യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പും ഒപ്പിട്ടു.
ഔദ്യോഗിക സന്ദർശനനർത്ഥം അമേരിക്കയിലെത്തിയ ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേന (ലഖ്‌വിയ) കമാന്‍ഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അല്‍താനിയും അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് സെക്രട്ടറി ക്രിസ്റ്റി നോമുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു കരാർ ഒപ്പിടൽ ചടങ്ങ്. സുരക്ഷാ മേഖലകളില്‍ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ഇരുപക്ഷവും തമ്മിലുള്ള സുരക്ഷാ ഏകോപനത്തിന്റെ കാര്യവും വൈദഗ്ധ്യം കൈമാറുന്നതുമായി ബന്ധപ്പെട്ട മേഖലകളും ചർച്ചയിൽ പ്രധാന വിഷയമായി.