ദുബൈ- ഗള്‍ഫ് രാജ്യങ്ങല്‍ ഏറ്റവും കൂടുതല്‍ ജോലി സാധ്യത യുഎഇയിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന് ശരാശരി 4 ശതമാനമാനം വര്‍ധനവാണ് ജോലി സാധ്യതയില്‍ ഉണ്ടായതെന്ന് പ്രശസ്ത റിക്രൂട്ടിംഗ്, ഹ്യൂമന്‍ റിസോഴ്‌സ് അഡൈ്വസറി കമ്പനിയായ കൂപ്പര്‍ ഫിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ത്രൈമാസ റിപ്പോര്‍ട്ടാണ് ഏജന്‍സി പുറത്തുവിടുന്നത്. മറ്റ് അറേബ്യന്‍ രാജ്യങ്ങളായ സൗദി, ഒമാന്‍ എന്നീ രാജ്യങ്ങള്‍ 2 ശതമാനവും ബഹ്റൈനില്‍ ഒരു ശതമാനവും ജോലി സാധ്യത ഉണ്ടെന്ന് സൂചനകള്‍ ഉണ്ടായപ്പോള്‍ കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ 3,4 ശതമാനം കുറഞ്ഞതായും കൂപ്പര്‍ ഫിച്ച് വ്യക്തമാക്കുന്നു.
2025ന്റെ തുടക്കത്തില്‍ വികസന മേഖലയില്‍ വളരെ ആസൂത്രിതമായ നീക്കം നടത്തിയതാണ് യുഎഇയില്‍ ആദ്യത്തെ മൂന്ന് മാസത്തിന് ശേഷമുള്ള ജോലി സാധ്യതക്ക് ഉയര്‍ച്ചയുണ്ടാകാന്‍ കാരണമാക്കിയതെന്ന് കൂപ്പര്‍ ഫിച്ചിന്റെ സ്ഥാപകനും സിഇഒയുമായ ഡോ. ട്രെഫോര്‍ മര്‍ഫി പറഞ്ഞു. സാമ്പത്തിക സേവന മേഖല, ബാങ്കിങ് ഇന്‍ഷുറന്‍സ് എന്നീ മേഖലകളിലടക്കമുള്ള വൈവിധ്യമാര്‍ന്ന വളര്‍ച്ച കാരണം തൊഴില്‍ സാധ്യതയുണ്ടാക്കുന്ന തരത്തില്‍ യുഎഇ അറബ് ലോകത്തെ നയിക്കുന്നുവെന്നതാണെന്നും പ്രാദേശിക ഇംഗ്ലീഷ് ദിനപത്രമായ ഖലീജ് ടൈംസുമായി സംസാരിക്കവെ ഡോ മര്‍ഫി അഭിപ്രായപ്പെട്ടു.
ധനകാര്യ രംഗത്തെ മുതിര്‍ന്ന തസ്തികകള്‍, സെയില്‍സ്, മാര്‍ക്കറ്റിംഗ്, നിയമ വിദഗ്ദര്‍, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍, ഡാറ്റാ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കമ്പനി സിഇഒ എന്നീ മേഖലകളാണ് ജിസിസി രാജ്യങ്ങളില്‍ ട്രെന്‍ഡിങ് ആയിക്കൊണ്ടിരിക്കുന്ന നിയമനങ്ങളായി നിരീക്ഷപ്പെടുന്നത്. ഇതിനു പുറമെ സ്പെഷ്യലൈസ്ഡ് കണ്‍സള്‍ട്ടന്‍സും താല്‍കാലിക വിദഗ്ദരുമാണ് കമ്പനികള്‍ക്ക് താല്‍പര്യം. ബാങ്കുകള്‍ എഐ സംയോജനത്തിലും പ്രവര്‍ത്തന രൂപകല്‍പനയിലും കൂടുതല്‍ നിക്ഷേപം നടത്തുന്നുണ്ടെന്ന് കൂപ്പര്‍ ഫിച്ച് അഭിപ്രായപ്പെട്ടു. ഫൈനാന്‍സ് സാങ്കേതിക വിദ്യയില്‍ ക്രോസ്-ഫങ്ഷണല്‍ വൈദഗ്ദ്യമുള്ള ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.