കൊച്ചി– ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റാൻ തയ്യാറാണ് എന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. ജാനകി സിനിമ കേസ് ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് അണിയറ പ്രവർത്തകർ തീരുമാനമറിയിച്ചത്. ‘ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന് മാറ്റാമെന്നാണ് നിർമാതാക്കൾ കോടതിയെ അറിയിച്ചിരിക്കുന്നത്. കോടതി രംഗങ്ങളിൽ ജാനകി എന്നത് മ്യൂട്ട് ചെയ്യും. സെൻസർ ബോർഡാണ് ഇത്തരത്തിലൊരു ആവശ്യം മുന്നോട്ട് വെച്ചിരുന്നത്.
സെൻസർ ബോർഡ് മുൻകൂട്ടി ആവശ്യപ്പെട്ട 96 കട്ടുകളൊന്നും വേണ്ടെന്ന് രാവിലെ തന്നെ വ്യക്തമായി അറിയിച്ചു. സിനിമയിൽ രണ്ട് പ്രധാന മാറ്റങ്ങളാണ് നിർദ്ദേശിക്കപ്പെട്ടത്. ഒന്നാമത്, സിനിമയുടെ ഒരു മണിക്കൂർ എട്ടാം മിനിറ്റിൽ (3236-ആം സെക്കൻഡിൽ) ആരംഭിക്കുന്ന ക്രോസ് എക്‌സാമിനേഷൻ സീനിലെ “ജാനകി” എന്ന പേര് മ്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനായി സന്നദ്ധമാണെന്ന് നിര്‍മാതാക്കൾ അറിയിച്ചിട്ടുണ്ട്.
രണ്ടാമത്, സിനിമയുടെ പേര് മാറ്റണമെന്നായിരുന്നു സെൻസർ ബോർഡിന്റെ മറ്റൊരു നിർദ്ദേശം. ജാനകി വി, അല്ലെങ്കിൽ വി. ജാനകി എന്നാക്കി പേര് പരിഷ്‌ക്കരിക്കണമെന്ന് അറിയിച്ചിരുന്നു. ടൈറ്റിൽ കഥാപാത്രത്തിന്റെ പേര് ജാനകി വിദ്യാധരൻ ആണെന്നും, അതേ പേരാണ് ടൈറ്റിലിൽ ഉൾപ്പെടുത്തേണ്ടതെന്ന് ബോർഡ് അഭിപ്രായപ്പെട്ടു.
ജാനകി എന്ന പേര് സിനിമയുടെ നിർമ്മാതാക്കൾ ഉപയോഗിച്ചത് മനപ്പൂർവ്വം എന്നായിരുന്നു സെൻസർ ബോർഡിന്റെ സത്യവാണ്‌മൂലം രാമായണത്തിലെ സീതയുടെ പര്യായമാണ് ജാനകി എന്ന പേര്. ആ പേര് ഉപയോഗിക്കുന്നത് ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തും. ക്രോസ് എക്‌സാമിനേഷൻ സീനിൽ പ്രതിഭാഗം അഭിഭാഷകനായ നായകൻ ജാനകി എന്ന കഥാപാത്രത്തോട് ചോദിക്കുന്ന ചോദ്യങ്ങൾ ഈ മതവിഭാഗത്തിൽ പെട്ടവരെ വ്രണപ്പെടുത്തും. ജാനകി എന്ന കഥാപാത്രം മയക്കുമരുന്ന് ഉപയോഗിക്കുമോ പോണോഗ്രാഫിക് വീഡിയോ കാണുമോ എന്നൊക്കെ അഭിഭാഷകൻ ചോദിക്കുന്നത് ശരിയല്ലെന്നും സെൻസർ ബോർഡ് വ്യക്തമാക്കിയിരുന്നു.
സിനിമ മലയാളം ഉള്‍പ്പെടെ അഞ്ചുഭാഷകളിലായി പുറത്തിറങ്ങുന്ന സാഹചര്യത്തില്‍, ‘ജാനകി’ എന്ന പേര് രാജ്യമാകെ ഉപയോഗിക്കുന്നത് ഒരു പ്രത്യേക മതവിഭാഗത്തെ വ്രണപ്പെടുത്താൻ സാധ്യതയുണ്ടെന്ന് സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. ചിത്രത്തിൽ ‘ജാനകി’ എന്ന കഥാപാത്രത്തെ മറ്റൊരു മതവിഭാഗത്തിൽപ്പെട്ട വ്യക്തി സഹായിക്കാൻ എത്തുന്നതായി കാണിക്കുന്നു. ഇതിന് പിന്നിൽ ഗൂഢോദ്ദേശമുണ്ടെന്ന തെറ്റിദ്ധാരണ ജനങ്ങളിലേക്ക് വ്യാപിക്കാമെന്ന് സെൻസർ ബോർഡ് അഭിപ്രായപ്പെട്ടു. രാമായണത്തിലെ സീതയെ സൂചിപ്പിക്കുന്ന പേരാണ് ‘ജാനകി’. സഹനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും പ്രതീകമായ ഈ പേരിന്റെ ഉപയോഗം, പൊതുസമൂഹത്തിൽ മതസമ്പന്ധിയായ തെറ്റിദ്ധാരണ ഉണ്ടാക്കാൻ ഇടയാകുമെന്നാണ് സെൻസർ ബോർഡിന്റെ വിലയിരുത്തൽ.