ദുബായ്: രോഹിത് ശർമ ക്രിക്കറ്റ് അക്കാദമി അടച്ചുപൂട്ടിയെന്ന വാർത്തകൾ ക്രിക് കിംഗ്ഡം നിഷേധിച്ചു. പുതിയ കമ്പനി രൂപീകരിക്കുന്ന പ്രക്രിയയിലാണെന്നും 2025 സെപ്റ്റംബറിൽ യുഎഇയിൽ പ്രവർത്തനം പുനരാരംഭിക്കുമെന്നും അക്കാദമി അധികൃതർ വ്യക്തമാക്കി.
“രോഹിത് ശർമ ക്രിക്കറ്റ് അക്കാദമിയിൽ മാതാപിതാക്കളും വിദ്യാർഥികളും ഞങ്ങളിൽ അർപ്പിച്ച വിശ്വാസത്തെ ഞങ്ങൾ ആത്മാർഥമായി വിലമതിക്കുന്നു. സ്ഥിരവും ഉയർന്ന നിലവാരമുള്ളതുമായ ക്രിക്കറ്റ് പരിശീലന അന്തരീക്ഷം നൽകേണ്ടതിന്റെ പ്രാധാന്യം ഞങ്ങൾ മനസ്സിലാക്കുന്നു. യുഎഇയിൽ അക്കാദമിയുടെ സാന്നിധ്യം പുനഃസ്ഥാപിക്കാൻ ഞങ്ങൾ പൂർണമായും പ്രതിജ്ഞാബദ്ധരാണ്,” ക്രിക് കിംഗ്ഡം പ്രസ്താവനയിൽ പറഞ്ഞു. സിംഗപ്പൂർ, യുഎസ്എ, ഇന്ത്യ എന്നിവിടങ്ങളിൽ സ്കൂളുകളിൽ പ്രവർത്തനമുള്ള ക്രിക് കിംഗ്ഡം, യുഎഇയിൽ പുതിയ കമ്പനി രൂപീകരിച്ച് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളോടെയും സർട്ടിഫൈഡ് പരിശീലകരോടെയും വിദ്യാർഥി വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തനം തുടരുമെന്നും അറിയിച്ചു.
” രോഹിത് ശർമ്മയുടെ ക്രിക്ക് കിംഗ്ഡവുമായി സഹകരിച്ച് ഗ്രാസ്‌പോർട്ട് സ്‌പോർട്‌സ് അക്കാദമി ഈ വർഷം മെയ് മാസത്തിൽ പ്രവർത്തനം പെട്ടെന്ന് അവസാനിപ്പിച്ചതായും 35 വിദ്യാർത്ഥികളെ അനിശ്ചിതത്വത്തിലാക്കിയതായും നേരെത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
2024 ൽ ഗ്രാസ്‌പോർട്ട് സ്‌പോർട്‌സ് അക്കാദമി (ജിഎസ്എ) യുമായി സഹകരിച്ചാണ് രോഹിത് ശർമ്മ ബ്രാൻഡിന്റെ ക്രിക്ക് കിംഗ്ഡം ലോകോത്തര നിലവാരമുള്ള പരിശീലന കേന്ദ്രമായി രോഹിത് ശർമ്മ ക്രിക്കറ്റ് അക്കാദമി ദുബായിൽ ആരംഭിച്ചത്.
നിലവിലെ സാഹചര്യത്തിലേക്ക് നയിച്ച സംഭവങ്ങളെയും അവരുടെ മുന്നോട്ടുള്ള പദ്ധതികളെയും വിവരിക്കുന്ന വിശദമായ ഒരു ടൈംലൈൻ ക്രിക്ക് കിംഗ്ഡം ഇപ്പോൾ പുറത്തിറക്കിയിട്ടുണ്ട്