സന്‍ആ – ലൈബീരിയന്‍ പതാക വഹിച്ച ഗ്രീക്ക് ചരക്കു കപ്പലിനു നേരെയുണ്ടായ ഏറ്റവും പുതിയ ആക്രമണത്തില്‍ മൂന്ന് ജീവനക്കാര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗ്രീക്ക് ബള്‍ക്ക് കാരിയര്‍ എറ്റേണിറ്റി സിയിലെ മൂന്ന് നാവികര്‍ യെമന്‍ തീരത്ത് ഡ്രോണ്‍, സ്പീഡ് ബോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി യൂറോപ്യന്‍ യൂണിയന്‍ നാവിക ദൗത്യമായ ആസ്പിഡെസിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പശ്ചിമ യെമന്‍ തുറമുഖമായ അല്‍ഹുദൈദയില്‍ നിന്ന് 50 നോട്ടിക്കല്‍ മൈല്‍ തെക്ക് പടിഞ്ഞാറ് മാറിയാണ് എറ്റേണിറ്റി സി കപ്പലിനു നേരെ ഹൂത്തി ആക്രമണമുണ്ടായത്.
ചെങ്കടലില്‍ മാസങ്ങള്‍ നീണ്ട ശാന്തതക്ക് ശേഷം ഒരു ദിവസത്തിനിടെ ഹൂത്തികള്‍ നടത്തിയ രണ്ടാമത്തെ ആക്രമണമാണിത്. യെമന്‍ തീരം പങ്കിടുന്ന ചെങ്കടല്‍ ലോകത്ത് എണ്ണ, ചരക്ക് നീക്കത്തിന് വളരെക്കാലമായി നിര്‍ണായക ജലപാതയാണ്. എന്നാല്‍, ഗാസ യുദ്ധത്തില്‍ ഇസ്രായിലിനെതിരെ ഫലസ്തീനികള്‍ക്കുള്ള ഐക്യദാര്‍ഢ്യം എന്ന നിലയില്‍ ഇറാന്‍ കക്ഷിയായ ഹൂത്തി മിലീഷ്യ 2023 നവംബര്‍ മുതല്‍ കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ തുടങ്ങിയ ശേഷം ചെങ്കടലില്‍ കപ്പല്‍ ഗതാഗതം കുറഞ്ഞു.
എറ്റേണിറ്റി സി എന്ന് പേരുള്ള ഗ്രീക്ക് കപ്പലിനു നേരെയാണ് ഹൂത്തികള്‍ പുതിയ ആക്രമണം നടത്തിയത്. 2024 ജൂണിനുശേഷം ചെങ്കടലില്‍ കപ്പല്‍ ഗതാഗതവുമായി ബന്ധപ്പെട്ട് ഹൂത്തികള്‍ നടത്തിയ ആക്രമണത്തില്‍ ജീവനക്കാര്‍ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണിത്. ഇതോടെ ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെയുള്ള ഹൂത്തി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട മൊത്തം നാവികരുടെ എണ്ണം ഏഴായി ഉയര്‍ന്നു. 21 ഫിലിപ്പീന്‍സുകാരും ഒരു റഷ്യക്കാരനും ഉള്‍പ്പെടെ 22 ജീവനക്കാരുള്ള എറ്റേണിറ്റി സി, സമുദ്ര ഡ്രോണുകളും മനുഷ്യ സ്പീഡ് ബോട്ടുകളില്‍ നിന്നുള്ള റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും ഉപയോഗിച്ച് ആക്രമിക്കപ്പെട്ടടുകയായിരുന്നെന്ന് സമുദ്ര സുരക്ഷാ വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.
എറ്റേണിറ്റി സി കപ്പലിനെതിരായ ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്, ലൈബീരിയന്‍ പതാകയുള്ള ഗ്രീക്ക് ബള്‍ക്ക് കാരിയറായ എം.വി മാജിക് സീസിനു നേരെ തെക്കുപടിഞ്ഞാറന്‍ യെമനില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂത്തികള്‍ ഏറ്റെടുത്തിരുന്നു. ആക്രമണത്തില്‍ കപ്പല്‍ മുങ്ങിയതായി ഹൂത്തികള്‍ പറഞ്ഞു. മാജിക് സീസിലെ എല്ലാ ജീവനക്കാരെയും പ്രദേശത്തു കൂടി കടന്നുപോയ യു.എ.ഇ ചരക്കു കപ്പല്‍ രക്ഷപ്പെടുത്തി ജിബൂത്തിയില്‍ സുരക്ഷിതമായി എത്തിച്ചതായി ജിബൂത്തി അധികൃതര്‍ പറഞ്ഞു. എറ്റേണിറ്റി സി കപ്പലിനെതിരായ ആക്രമണത്തില്‍ ഹൂത്തികള്‍ പ്രതികരിച്ചിട്ടില്ല. മാജിക് സീസിനെതിരായ ആക്രമണത്തിന്റെ ഞെട്ടലും ദുഃഖവും ലൈബീരിയ അനുഭവിക്കുന്നതിനിടയില്‍, മറ്റൊരു കപ്പലായ എറ്റേണിറ്റി സി ഭയാനകമായി ആക്രമിക്കപ്പെട്ടതായി ലൈബീരിയയുടെ പ്രതിനിധി സംഘം ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ സെഷനില്‍ പറഞ്ഞു.
2023 നവംബര്‍ മുതല്‍ ഇസ്രായിലുമായി ബന്ധമുള്ള കപ്പലുകളെ ലക്ഷ്യമിടുന്നതായി പറഞ്ഞ് നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ചെങ്കടലില്‍ കപ്പലുകള്‍ക്കു നേരെ ആക്രമണങ്ങള്‍ നടത്തി ഹൂത്തികള്‍ വാണിജ്യം തടസ്സപ്പെടുത്തി. മെയ് മാസത്തില്‍ ഹൂത്തികള്‍ അമേരിക്കയുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടെങ്കിലും ഇസ്രായിലുമായി ബന്ധമുള്ള കപ്പലുകളെ ആക്രമിക്കുന്നത് തുടരുമെന്ന് ആവര്‍ത്തിച്ചു. ഏതാനും മാസത്തെ ശാന്തതക്ക് ശേഷം ചെങ്കടലില്‍ പരിതാപകരമായ ആക്രമണങ്ങള്‍ പുനരാരംഭിക്കുന്നത് അന്താരാഷ്ട്ര നിയമത്തിന്റെയും നാവിഗേഷന്‍ സ്വാതന്ത്ര്യത്തിന്റെയും പുതിയ ലംഘനമാണെന്നും നിരപരാധികളായ നാവികരും പ്രാദേശിക ജനങ്ങളുമാണ് ഈ ആക്രമണങ്ങളുടെയും അവ ഉണ്ടാക്കുന്ന മലിനീകരണത്തിന്റെയും പ്രധാന ഇരകളെന്നും ഇന്റര്‍നാഷണല്‍ മാരിറ്റൈം ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ ആര്‍സെനിയോ ഡൊമിംഗ്വസ് പറഞ്ഞു.
ഹൂത്തികളുടെ പ്രവര്‍ത്തനത്തില്‍ വന്ന താല്‍ക്കാലിക വിരാമം അടിസ്ഥാനപരമായ ഉദ്ദേശ്യത്തിലെ മാറ്റത്തെ സൂചിപ്പിക്കുന്നില്ല. ഗാസയിലെ സംഘര്‍ഷം നിലനില്‍ക്കുന്നിടത്തോളം ഇസ്രായിലുമായി ബന്ധമുള്ള കപ്പലുകള്‍ ഉയര്‍ന്ന അപകടസാധ്യതകള്‍ നേരിടേണ്ടിവരുമെന്ന് ബ്രിട്ടന്‍ ആസ്ഥാനമായുള്ള സമുദ്ര അപകടസാധ്യത മാനേജ്‌മെന്റ് കമ്പനിയായ വാന്‍ഗാര്‍ഡ് ടെക്കിന്റെ ഇന്റലിജന്‍സ് മേധാവി എല്ലി ഷാഫിക് പറഞ്ഞു.
2023 ലെ ആദ്യത്തെ ഹൂത്തി ആക്രമണത്തിനുശേഷം ഈ മേഖലയിലൂടെയുള്ള കപ്പല്‍ ഗതാഗതം സാധാരണ നിലയേക്കാള്‍ 50 ശതമാനം കുറഞ്ഞുവെന്ന് ഷിപ്പിംഗ് അസോസിയേഷന്‍ ബിംകോയിലെ ചീഫ് സേഫ്റ്റി ആന്റ് സെക്യൂരിറ്റി ഓഫീസര്‍ ജേക്കബ് ലാര്‍സണ്‍ പറഞ്ഞു. സുരക്ഷാ സാഹചര്യം പ്രവചനാതീതമായി നിലനില്‍ക്കുന്നതിനാലാണ് ഗതാഗതത്തില്‍ ഈ കുറവ് വന്നത്. അതിനാല്‍. സമീപകാല ആക്രമണങ്ങള്‍ നിലവിലെ ഷിപ്പിംഗ് രീതികളെ കാര്യമായി മാറ്റുമെന്ന് ബിംകോ പ്രതീക്ഷിക്കുന്നില്ല – ലാര്‍സെന്‍ പറഞ്ഞു.