ന്യൂഡല്‍ഹി– ബിഹാറില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടര്‍പട്ടികയില്‍ നടപ്പിലാക്കുന്ന തീവ്ര പുനഃപരിശോധനക്കെതിരെ ഇന്ന് ഇന്‍ഡ്യ സഖ്യത്തിന്റെ ബിഹാര്‍ ബന്ദ്. സംസ്ഥാനത്തെ റോഡുകള്‍ ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്യുന്ന സമ്പൂര്‍ണ പണിമുടക്കിന് നേതൃത്വം നല്‍കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പഠ്‌നയിലെത്തും. അടിയന്തര സേവനങ്ങള്‍ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പട്‌നയിലെ ഇന്‍കം ടാക്‌സ് കവല മുതല്‍ നിയമസഭക്കടുത്തുള്ള രക്തസാക്ഷി സ്മാരകം വരെയും അവിടെ നിന്ന് പട്‌നയിലെ തെരഞ്ഞെടുപ്പ് ഓഫിസിലേക്കും മാര്‍ച്ച് നയിക്കും.
സമരാനുകൂലികരായ രാഷ്ട്രീയ ജനതാദള്‍(ആർജെഡി) പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും ബിഹാര്‍ ബന്ദിനെ അനുകൂലിച്ച് ടയറുകള്‍ കത്തിച്ച് ദേശീയപാത (എന്‍എച്ച്-30) തടഞ്ഞു. ആര്‍ജെഡി വിദ്യാര്‍ഥി ഘടകം ജഹനബാദിലെ ദേശീയപാതയും ട്രെയിനും തടഞ്ഞുവെച്ചു. സമരാനുകൂലികള്‍ ദര്‍ഭംഗയില്‍ നമോ ഭാരത് ട്രെയിനും തടഞ്ഞു. സ്വതന്ത്ര എംപിയായി പപ്പു യാദവും നര്‍പത് ഗഞ്ചില്‍ എക്‌സ്പ്രസ് ട്രെയിന്‍ തടഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടര്‍പട്ടിക തീവ്രപുനഃപരിശോധനയെകുറിച്ചുള്ള ആശങ്കകളും സംശയങ്ങളും ഈ മാസം അഞ്ചിന് ആര്‍ജെഡി പ്രതിനിധി സംഘം കമിഷനെ കണ്ട് ഉന്നയിച്ചതായിരുന്നു. എന്നാല്‍ കമ്മിഷന്‍ അവര്‍ക്ക് മറുപടിയോ വിശദീകരണമോ നല്‍കിയില്ല. വോട്ടര്‍ പട്ടികയില്‍ പേര് നിലനിര്‍ത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെടുന്ന 11 രേഖകള്‍ ബിഹാറിലെ 90 ശതമാനം ആളുകളുടെയും പക്കല്‍ ഇല്ലെന്ന് ബിഹാര്‍ കോണ്‍ഗ്രസ് പ്രസിഡന്റും എംഎല്‍എയുമായ രാജേഷ്‌കുമാര്‍ പറഞ്ഞു. ഇത്തരം രേഖകള്‍ സംഘടിപ്പിക്കാന്‍ സമയമെടുക്കും, ഇത് തിടുക്കത്തില്‍ നടപ്പിലാക്കുന്നത് വോട്ടവകാശം നിഷേധിക്കാനുള്ള തന്ത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.