ന്യൂയോര്‍ക്ക്– അമേരിക്കയില്‍ ട്രക്ക് കാറിലിടിച്ച് കത്തി നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശികളായ ശ്രീ വെങ്കട്ട്, അദ്ദേഹത്തിന്റെ ഭാര്യ തേജസ്വിനി ഇവരുടെ രണ്ട് കുട്ടികള്‍ എന്നിവരാണ് മരിച്ചത്. ഡാളസിലാണ് അപകടമുണ്ടായത്. അവധിക്കാലം ആഘോഷിക്കാന്‍ യു.എസിലെത്തിയതായിരുന്നു കുടുംബം. അറ്റ്‌ലാന്റയിലുള്ള ബന്ധുക്കളെ സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണ് ഗ്രീന്‍ കൗണ്ടിയില്‍ വെച്ച് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
തെറ്റായ ദിശയിലൂടെ എത്തിയ മിനി ട്രക്ക് കുടുംബം സഞ്ചരിച്ച കാറില്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന് തീപിടിച്ചു. കാറിന് അകത്തുണ്ടായിരുന്ന കുടുംബം പുറത്തിറങ്ങാന്‍ കഴിയാതെ ഉള്ളില്‍ കുടുങ്ങിയതിനാല്‍ കത്തി കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍. കാര്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. മൃതദേഹാവിശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചു.