ദോഹ– ഖത്തറിലെ അല്‍ഖോറില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മലയാൡ മരിച്ചു. തൃശൂര്‍ ചേര്‍പ്പ് സ്വദേശിയും ഇപ്പോള്‍ കുടുംബത്തോടെ ബാംഗ്ലൂരില്‍ സ്ഥിര താമസക്കാരനുമായ വെള്ളന്നൂര്‍ സന്തോഷ് കുമാര്‍ (52) ആണ് മരണപ്പെട്ടത്. ഭാസ്‌കരന്റേയും പത്മിനിയുടേയും മകനാണ്. ഭാര്യ: ജയന്തി ബാലകൃഷ്ണന്‍. രണ്ട് പെണ്‍മക്കളുണ്ട്.
ഇന്നലെ (തിങ്കളാഴ്ച) രാത്രി ഏഴു മണിയോടെയായിരുന്നു അപകടം. അല്‍ഖോര്‍ ലുലു സിഗ്നലിനടുത്ത് വെച്ചായിരുന്നു സംഭവം. മറ്റൊരു അപകടത്തില്‍പെട്ട രണ്ട് വാഹനങ്ങള്‍ പൊലീസ് സംഭവ സ്ഥലത്ത് നിന്ന് മാറ്റിക്കൊണ്ടിരിക്കെ സന്തോഷ്‌കുമാര്‍ ഓടിച്ചിരുന്ന കാര്‍ മറ്റൊരു വാഹനത്തിന്റെ പിന്നിലിടിക്കുകയായിരുന്നു. ഈ സന്ദര്‍ഭത്തില്‍ തന്നെ അമിതവേഗതയില്‍ വന്ന മറ്റൊരു ലാന്‍ഡ്ക്രൂയിസര്‍ വാഹനം സന്തോഷിന്റെ വാഹനത്തിന്റെ പിന്നിലിടിക്കുകയും ഈ ആഘാതത്തില്‍ തത്ക്ഷണം മരിക്കുകയുമായിരുന്നുവെന്നറിയുന്നു. സന്തോഷ്‌കുമാര്‍ ദോഹയില്‍ നിന്ന് അല്‍ഖോറിലേക്ക് വരികെയാണ് അപകടം നടന്നത്. അല്‍ഖോറിലെ അല്‍അബാരി കമ്പനിയില്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡിവിഷന്‍ സൂപ്പര്‍വൈസറായി ജോലി നോക്കുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ജോലിയില്‍ പ്രവേശിച്ചത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഉടന്‍ നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തര്‍ അല്‍ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.