ചെന്നൈ– ചെന്നൈ സൂപ്പർ കിങ്സിന് മാത്രമല്ല, ചെന്നൈയിൻ എഫ്സി ക്ക് വേണ്ടിയും ധോണി ഗ്ലൗ അണിഞ്ഞിട്ടുണ്ട് എന്നറിഞ്ഞാൽ ഏതൊരു കായിക പ്രേമിയും ഒന്ന് അമ്പരക്കും. എന്നാൽ അമ്പരക്കാൻ വരട്ടെ, താരം ചെന്നൈയിൻ എഫ്സി യുടെ ജേഴ്സിയും ഗ്ലൗവും അണിഞ്ഞ് നിൽക്കുന്ന വീഡിയോ ഐഎസ്എൽ തന്നെയാണ് പങ്ക് വെക്കുകയും താരത്തിന് ജന്മദിനാശംസകൾ നേരുകയും ചെയ്തിരിക്കുന്നത്.
ഐഎസ്എൽ കഴിഞ്ഞ സീസണിൽ ചെന്നൈയുടെ മത്സരശേഷം ഗ്രൗണ്ടിലെത്തി ബാറിന് കീഴിൽ തകർപ്പൻ സേവ് കാഴ്ചവെക്കുന്നതാണ് വീഡിയോ. ചെന്നൈയിൻ ടീമിന്റെ ജേഴ്സിയും ഷോട്സും കൈകളിൽ ഗ്ലൗവും ധരിച്ച് ക്രോസ് ബാറിന് കീഴിൽ സ്പോട്ട് കിക്ക് ഡൈവ് ചെയ്ത് സേവ് ചെയ്യുന്നതാണ് വീഡിയോ. വീഡിയോ നിമിഷങ്ങൾക്കകം ആണ് സോഷ്യൽ മീഡിയയിൽ തീയായി ആളിപടർന്നത്.
ഇന്ന് 44-ാം ജന്മദിനം ആഘോഷിക്കുന്ന ധോണിക്ക് ക്രിക്കറ്റും ഫുട്ബോളും ഒരുപോലെ വഴങ്ങുമെന്നെത് ആരാധകർക്ക് അറിവ് ഉള്ള കാര്യമാണ്. ധോണിയുടെ ഇരു കളികളിലുമുള്ള പ്രാവീണ്യം സഹകളിക്കാരിൽ പോലും അസൂയ ഉളവാക്കുന്നതാണ്. ഐഎസ്എൽ ടീമായ ചെന്നൈയിൻ എഫ്സിയുടെ ഉടമകളിലൊരാളും കൂടിയാണ് ധോണി. ഇന്ന് റാഞ്ചിയിലെ തന്റെ വീട്ടിൽ അടുത്ത സുഹൃത്തുക്കൾക്കൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്.