തിരുവനന്തപുരം– നിയമ കുരുക്കിൽ അകപ്പെട്ട് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ പോലീസ് വിളിച്ച് ചോദ്യം ചെയ്തിരുന്നു. മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും കഴുത്തിലെ മാലയിലെ പുലിപല്ല് വിവാദത്തിൽ വനംവകുപ്പ് നോട്ടീസ് നൽകാനൊരുങ്ങുന്നത്.
പൂരം അലങ്കോലപ്പെട്ടപ്പോൾ ആദ്യമെത്തിയ രാഷ്ട്രീയ നേതാവ് സുരേഷ് ഗോപിയാണ്. സ്ഥലത്തെ എംഎൽഎക്ക് പോലും പ്രവേശനം നിഷേധിച്ച ഇടത്തേക്ക് എങ്ങനെയാണ് ആദ്യം എത്തുക എന്നാണ് ഡിഐജി തോംസൺ ജോസിന്റെ നേതൃത്വത്തിലുള്ള അന്വഷണ സംഘം ആരാഞ്ഞത്. സംഭവസ്ഥലത്ത് എത്തിചേർന്നത് സേവാഭാരതിയുടെ ആംബുലൻസിൽ ആണെന്നെതും വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ബിജെപി പ്രവർത്തകരാണ് ആദ്യം അറിയിച്ചത് എന്നാണ് സുരേഷ് ഗോപി മൊഴി നൽകിയത്.
ഇതിനുപുറമേ സുരേഷ് ഗോപി ധരിച്ച കഴുത്തിലെ പുലിപല്ല് കെട്ടിയ ലോക്കറ്റുള്ള മാലയും നിയമകുരുക്കിൽ അകപ്പെട്ടിരിക്കുകയാണ്. റാപ്പർ വേടന്റെ കഴുത്തിലെ മാലയിൽ പുലിപല്ലാണെന്ന് കാണിച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയും ചർച്ചയിലേക്ക് എത്തിപ്പെടുന്നത്. വാടാനപ്പള്ളി സ്വദേശിയും ഐഎൻസിടിയുസി യുവജന വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുൻ ദേശീയ വക്താവുമായ എഎ മുഹമ്മദ് ഹാഷിമാണ് സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയത്. പരാതി പരിഗണിച്ച് സുരേഷ് ഗോപിക്ക് നോട്ടീസ് നൽകാനൊരുങ്ങുകയാണ് വനം വകുപ്പ്.
മാലയിലെ ലോക്കറ്റിലുള്ളത് യാഥാർത്ഥത്തിലുള്ള പുലിപല്ല് ആണോ എന്ന് വനം വകുപ്പ് അന്വേഷിക്കും. വനം വന്യജീവി നിയമപ്രകാരം സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽ രണ്ടാം ഭാഗത്തിലാണ് പുലി ഉൾപ്പെട്ടിട്ടുള്ളത്. പാരമ്പര്യമായി ലഭിച്ചതാണെങ്കിലും പുലിപല്ല് സൂക്ഷിക്കാൻ പാടില്ല.
പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് ത്രിതല അന്വഷണത്തിനായിരുന്നു മുഖ്യമന്ത്രി ഉത്തരവിട്ടത്. ഇതിൽ രണ്ട് അന്വേഷണം പൂർത്തിയായിരുന്നു. പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ മൊഴികളായിരുന്നു മന്ത്രി ആദ്യഘട്ടത്തിൽ നൽകിയിരുന്നത്. തുടർന്നാണ് പൂരം കലക്കലിൽ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.