കോഴിക്കോട്– കേരള ക്രിക്കറ്റ് ലീഗിനുള്ള ടീമിനെ സജ്ജമാക്കി കാലിക്കറ്റ് ഗ്ലോബ് സ്‌റ്റാർസ്. കോഴിക്കോട്ടുകാരുടെ സ്വന്തം ടീമായ കാലിക്കറ്റ് ഗ്ലോബ് സ്‌റ്റാർസിൻ്റെ ആവേശക്കുതിപ്പ് കഴിഞ്ഞ തവണ ഫൈനൽ വരെയെത്തിയിരുന്നു. കൈവിട്ട കിരീടം തിരികെപ്പിടിക്കാൻ കഴിഞ്ഞ തവണത്തെ പ്രമുഖരെയെല്ലാം ഇത്തവണ താരലേലത്തിൽ കാലിക്കറ്റ് നിലനിർത്തി. സഞ്ജു സാംസണിന്റെ വരവോടെ വീണ്ടും ചർച്ചാവിഷയമാകുകയാണ് കെ.സി.എൽ.
കോഴിക്കോട്ടുകാരനായ ക്യാപ്റ്റൻ രോഹൻ.എസ്.കുന്നുമ്മലിൻ്റെ നേതൃത്വത്തിലാണ് ടീം ഇത്തവണയും പോരാട്ടത്തിനിറങ്ങുക. എ കാറ്റഗറിയിൽപെട്ട രോഹൻ.എസ്.കുന്നുമ്മൽ, സൽമാൻ നിസാർ, അഖിൽ സ്കറിയ, പി.എം.അൻഫൽ എന്നിവരെ നിലനിർത്താൻ ലേലത്തിനു മുൻപുതന്നെ കാലിക്കറ്റ് തീരുമാനിച്ചിരുന്നു. കഴിഞ്ഞ തവണ ഫൈനൽ വരെയുള്ള കുതിപ്പിൻ്റെ കരുത്തായിരുന്നു ഇവർ.
ടി.വി കൃഷ്ണകുമാർ, എസ്.എൻ. അമീർഷ, ഷൈൻ ജോൺ ജേക്കബ്, എം.യു.ഹരികൃഷ്ണൻ, പ്രതീഷ് പവൻ, അജിത് രാജ്, ഇബ്നുൽ അഫ്‌താബ്, മോനു കൃഷ്ണ, അഖിൽ ദേവ്, മനു കൃഷ്ണൻ, സച്ചിൻ സുരേഷ്, എസ്.മിഥുൻ, എം. അജ്‌നാസ് എന്നിവരാണ് ഇത്തവണ ലേലത്തിൽ കാലിക്കറ്റിലെത്തിയത്.
താരലേലത്തിൽ പരമാവധി നാല് താരങ്ങളെ വീതമാണ് ഓരോ ടീമുകൾക്കും നില നിർത്താനാവുക. കഴിഞ്ഞ സീസണിലെ റൺ വേട്ടയിൽ രണ്ടാം സ്ഥാനക്കാരനായ സൽമാൻ നിസാറിന് അഞ്ച് ലക്ഷവും ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന് ഏഴര ലക്ഷം രൂപയുമാണ് ഗ്ലോബ്സ്റ്റാർസ് ചെലവഴിച്ചത്. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുകയും ഓൾ റൗണ്ട് മികവുമായി കളം നിറയുകയും ചെയ്ത അഖിൽ സ്കറിയയ്ക്ക് 3,75,000 രൂപയാണ് ലഭിക്കുക. അൻഫലിനെ ഒന്നര ലക്ഷത്തിനാണ് നിലനിർത്തിയത്.
ഓഗസ്‌റ്റ് 21 മുതൽ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസൺ നടക്കുന്നത്. കഴിഞ്ഞ തവണ ക്രിക്കറ്റ് ലീഗ് ഫൈനലിൽ സച്ചിൻ ബേബി നയിച്ച കൊല്ലം സെയിലേഴ്സാണ് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ തോൽപിച്ചത്. ഫൈനലിൽ ആദ്യം ബാറ്റുചെയ്ത ഗ്ലോബ് സ്‌റ്റാർസ് 20 ഓവറിൽ ആറു വിക്കറ്റിന് 213 റൺസ് നേടിയിരുന്നു. എന്നാൽ ക്യാപ്റ്റന്റെ സെഞ്ച്വറിയുടെ കരുത്തിൽ കൊല്ലം 19.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.