ലഖ്നൗ – ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതായി ആരോപണം. വീട്ടിൽ കെട്ടിത്തൂക്കിയ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ, അയൽവാസികളായ നാലു പേരെ പ്രതിചേർത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തതായി പൊലീസ് അറിയിച്ചു. കേസനുസരിച്ച്, പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് പിന്നീട് കൊലപ്പെടുത്തിയതാണെന്നാണ് സൂചന.
സംഭവത്തിൽ ഏറെ ശ്രദ്ധേയമാവുന്നത്, കൊല്ലപ്പെട്ട പെൺകുട്ടി ഒരു വർഷം മുമ്പ് നടന്ന ലൈംഗിക പീഡനക്കേസിലെ പ്രധാന സാക്ഷിയാണെന്നതാണ്. അന്നത്തെ കേസിൽ പ്രതിചേർക്കപ്പെട്ടയാളാണ് ഇപ്പോഴത്തെ സംഭവത്തിലെ മുഖ്യപ്രതി എന്നും ബന്ധുക്കൾ ആരോപിക്കുന്നു. പെൺകുട്ടിയെ അതിൽ നിന്നും പിൻവാങ്ങാൻ സമ്മതിപ്പിക്കാനും, തനിക്കെതിരായ മൊഴി മാറ്റണമെന്ന ആവശ്യവുമായും,നിരന്തര ഭീഷണികളുമായും ഇയാൾ വന്നിരുന്നുവെന്നും കുടുംബാംഗങ്ങൾ പറയുന്നു.
മൃതശരീരം പോസ്റ്റ്മോർട്ടത്തിനയച്ചതായി നർഹി സ്റ്റേഷൻ ഹൗസ് ഓഫീസർ നദീം അഹമ്മദ് ഫരീദി സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.