ലണ്ടന്‍– നിരവധി കേസുകളില്‍ പ്രതിയും ഗുണ്ടയുമായ യുവാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് കഴിഞ്ഞിരുന്ന ഇന്ത്യന്‍ വംശജ ഇംഗ്ലണ്ടില്‍ മരിച്ചു. ഇംഗ്ലണ്ട്, ലെസ്റ്ററില്‍ തെരുവില്‍ വെച്ച് ഉണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ നിള പട്ടേല്‍ (56) ആണ് മരിച്ചത്. ഇവരുടെ മരണത്തില്‍ ലെസ്റ്ററിലെ ഡോവര്‍ സ്ട്രീറ്റില്‍ താമസിക്കുന്ന മൈക്കല്‍ ചുവുമെക (23) എന്ന പ്രതിക്കെതിരെ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ നിലവില്‍ റിമാന്‍ഡിലാണെന്ന് ലെസ്റ്റര്‍ പൊലീസ് അറിയിച്ചു.
ഹൃദയം തകര്‍ന്നുവെന്നും ഏത് മുറിയേയും പ്രകാശിപ്പിക്കുന്ന പുഞ്ചിരിയുടെ ഉടമയായിരുന്നു അമ്മയെന്നും അനുശോചന കുറിപ്പില്‍ നിളാ പട്ടേലിന്റെ മക്കളായ ജയ്ദാനും ദാനികയും വേദനയോടെ വ്യക്തമാക്കി. ”ഞങ്ങളുടെ ഹൃദയം തകര്‍ന്നുപോയി. ഞങ്ങളുടെ അമ്മ നിള പട്ടേല്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് ലോകം അറിയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് ഇതുവരെ കാണാന്‍ കഴിയുന്നതില്‍ വച്ച് ഏറ്റവും ദയയുള്ള ഒരാള്‍ ആയിരുന്നു അമ്മ. സുന്ദരിയും ഊര്‍ജ്ജസ്വലയുമായ വ്യക്തിത്വം. ശാന്തമായ സ്‌നേഹത്തിന്റെ ഒഴുക്കായിരുന്നു അവര്‍. ഒരു പക്ഷെ ശക്തമായ സ്‌നേഹത്തിന്റെ. ഞങ്ങള്‍ക്ക് ചൂടുള്ള ഭക്ഷണം വിളമ്പിയും ചിന്താപൂര്‍വ്വമായ വാക്കുകളിലൂടെയും അവര്‍ സജീവമായിരുന്നു. ഏത് മുറിയെയും പ്രകാശിപ്പിക്കുന്ന ഒരു പുഞ്ചിരി അവര്‍ കാത്തുവെച്ചു. എപ്പോഴും മറ്റുള്ളവരെ ആശ്വസിപ്പിച്ചു. ഒരിക്കലും ഒന്നും ആവശ്യപ്പെടാതെ ആശ്വാസം നല്‍കി. ജീവിതം ദുഷ്‌കരമായിരുന്നപ്പോഴും അവര്‍ ശക്തിയും അന്തസ്സും കൈവിടാതെ മുഖത്ത് പുഞ്ചിരിയുമായി എതിരേറ്റു. അവര്‍ ഒരു അര്‍പ്പണബോധമുള്ള അമ്മയും വിശ്വസ്തയായ സുഹൃത്തും അവിശ്വസനീയമാംവിധം കഠിനാധ്വാനിയുമായ വ്യക്തിയായിരുന്നു. വീട്ടിലും തൊഴിലിലും സ്വയം സമര്‍പ്പിച്ചവര്‍. ഒരിക്കലും പരാതികളോട പരിഭവമോ ഇല്ലാതെ മുന്നോട്ടുപോയി. ക്ഷമയോടെയും അചഞ്ചലമായ സ്‌നേഹത്തോടെയും അവര്‍ ഞങ്ങളെ വളര്‍ത്തി. അവരെ അഭിമാനിയായി കാണുക എന്നതായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം. അവര്‍ പോയിരിക്കുന്നു.. വാക്കുകള്‍ക്കപ്പുറം അവരെ ഞങ്ങള്‍ക്ക് അവരെ മിസ് ചെയ്യും. ഈ വേര്‍പാട് എന്നും വിടാതെ ഞങ്ങള്‍ക്കൊപ്പമുണ്ടാവും.. അവരുടെ ഓര്‍മ്മകളെ താലോലിച്ച്, അവര്‍ പഠിപ്പിച്ച മൂല്യങ്ങള്‍ക്കനുസൃതമായി ജീവിക്കാന്‍ ശ്രമിക്കും..” മരണവാര്‍ത്തയോടൊപ്പം ലസറ്റര്‍ പൊലീസ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ ദു:ഖം ഘനീഭവിച്ച മക്കളുടെ അനുശോചനക്കുറിപ്പുമുണ്ടായിരുന്നു. ലോകത്തെ വിവിധ മാധ്യമങ്ങള്‍ ഒരമ്മയോടുള്ള ആദരവായി അത് പ്രസിദ്ധീകരിക്കുകയും ചെയ്തു.
തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റോമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. അപകടകരമായ ഡ്രൈവിങ്, ലഹരിമരുന്ന് വിതരണം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ കൈവശം വയ്ക്കല്‍, പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുക തുടങ്ങിയ ഒട്ടറെ കേസുകളില്‍ പ്രതിയാണ് മൈക്കല്‍. പ്രതിയെ ഓണ്‍ലൈന്‍ മുഖേനയാണ് ലൗബറോയിലെ ലെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ ഹാജരാക്കിയത്. ജൂണ്‍ 24ന് ലെസ്റ്ററിലെ അയ് സ്റ്റോണ്‍ റോഡില്‍ നടന്ന ആക്രമണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ ബന്ധപ്പെടണമെന്ന് ലെസ്റ്റര്‍ പൊലീസ് അറിയിച്ചിട്ടുമുണ്ട്.