കോട്ടയം – കോട്ടയത്ത് എൽ.ഡി.എഫ് എൻ.ഡി.എ സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. യുഡിഎഫ് സ്ഥാനാർഥി കെ. ഫ്രാൻസിസ് ജോർജ് നാളെ (വ്യാഴം) പത്രിക നൽകും.
കോട്ടയം ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടനും എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
വരണാധികാരിയായ ജില്ലാ കലക്ടർ വി.വിഗ്നേശ്വരിക്കാണ് പത്രിക നൽകിയത്. മൂന്ന് സെറ്റ് പത്രികയാണ് ചാഴികാടൻ നൽകിയത്.
മന്ത്രി വി. എൻ വാസവൻ, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി, ജില്ലാ പ്രസിഡൻ്റ് പ്രൊഫ. ലോപ്പസ് മാത്യു, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ വി.ബി ബിനു എന്നിവരോടൊപ്പം എത്തിയാണ് തോമസ് ചാഴികാടൻ പത്രിക നൽകിയത്.
പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്ന് നേതാക്കന്മാർക്കും, പ്രവർത്തകർക്കുമൊപ്പം പ്രകടനമായി കളക്ട്രറേറ്റിൽ എത്തിയാ ശേഷമായിരുന്നു പത്രിക നൽകൽ.
നാളെ ഒരു സെറ്റ് പത്രിക കൂടി സമർപ്പിക്കും. കോട്ടയം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്ന് രണ്ട് സെറ്റ് പത്രികയാണ് നൽകിയത്. നാളെ രണ്ട് സെറ്റ് പത്രിക കൂടി നൽകും.
ബിജെപി കോട്ടയം ജില്ലാ പ്രസിഡൻ്റ് ജി. ലിജിൻലാൽ, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടെപ്പിള്ളി, ജില്ലാ പ്രസിഡൻ്റ് എം.പി സെൻ, തുഷാർ വെള്ളാപ്പള്ളിയുടെ ഭാര്യ ആശാ തുഷാർ എന്നിവരും സ്ഥാനാർഥിക്കൊപ്പം എത്തിയിരുന്നു.
പ്രവർത്തകർക്കൊപ്പം എൻഡിഎ ഓഫീസിൽ നിന്നും വാഹന റാലിയായി എത്തിയാണ് തുഷാർ വെള്ളാപ്പള്ളി പത്രിക സമർപ്പിച്ചത്.