മസ്‌കത്ത്- വ്യത്യസ്ത മോഷണക്കേസുകളില്‍ അഞ്ച് പാക്കിസ്ഥാന്‍ പൗരന്മാരും മൂന്ന് സ്വദേശികളും ഒമാനില്‍ അറസ്റ്റില്‍. നിസ് വ, സമാലി എന്നീ പ്രദേശങ്ങളിലെ വിവിധ കമ്പനികളില്‍ നിന്നായി ഇലക്ടിക്കല്‍ കേബിള്‍ മോഷ്ടിച്ച കേസിലാണ് അഞ്ച് പാക്കിസ്ഥാന്‍ സ്വദേശികളെ അറസ്റ്റ് ചെയ്തത്. അല്‍ദഖ്‌ലിയ്യ ഗവര്‍ണ്ണറേറ്റ് പൊലീസ് ആണ് പരിശോധനക്കും അറസ്റ്റിനും നേതൃത്വം നല്‍കിയത്. പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
അതിനിടെ മസ്‌കറ്റില്‍ വാഹന മോഷണവും വീടുകളില്‍ കവര്‍ച്ചയും നടത്തിയ മൂന്ന് ഒമാനി പൗരന്മാരെയും റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. മസ്‌കറ്റ് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് മത്രയില്‍ നിന്നും മോഷണക്കുറ്റം ചുമത്തി മൂന്ന് പൗരന്മാരെ അറസ്റ്റ് ചെയ്തത്. മത്രാ വിലായത്തിലെ രണ്ട് വീടുകളില്‍ നിന്ന് ഒരു വാഹനം, നിരവധി എയര്‍ കണ്ടീഷനിംഗ് യൂണിറ്റുകള്‍, വിവിധ ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ മോഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് നടന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ (ആര്‍.ഒ.പി) എക്‌സിലൂടെ വ്യക്തമാക്കി. മൂന്ന് പ്രതികള്‍ക്കെതിരെയുള്ള നിയമ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും റോയല്‍ ഒമാന്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.