മയാമി: ഇറ്റാലിയൻ കരുത്തരായ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ഫിഫ ക്ലബ്ബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് റയൽ മാഡ്രിഡ്. 54-ാം മിനുട്ടിൽ ഗോൺസാലോ ഗാർഷ്യ നേടിയ ഗോളാണ് കളിയിലെ ഗതി നിർണയിച്ചത്. മെക്‌സിക്കൻ ക്ലബ്ബ് മോണ്ടറേയെ 2-1 ന് തോൽപ്പിച്ച് ബൊറുഷ്യ ഡോട്മുണ്ടും മുന്നേറിയതോടെ ക്വാർട്ടറിൽ റയൽ – ഡോർട്ട്മുണ്ട് സൂപ്പർ അങ്കത്തിന് കളമൊരുങ്ങി.
ശക്തമായ പ്രതിരോധം തീർത്ത യുവന്റസിനെതിരെ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ആദ്യപകുതിയിൽ റയലിന് ഗോൾ നേടാൻ കഴിഞ്ഞില്ല. എന്നാൽ, 54-ാം മിനുട്ടിൽ വലതുഭാഗത്തുനിന്ന് അലക്‌സാണ്ടർ അർണോൾഡ് നൽകിയ ക്രോസിൽ ഉയർന്നുചാടി ഹെഡ്ഡറുതിർത്താണ് ഗോൺസാലോ ഗാർഷ്യ ഗോൾ നേടിയത്. യുവന്റസ് കീപ്പർ മൈക്കൽ ഡി ഗ്രിഗേറിയോ നടത്തിയ മിന്നും സേവുകൾ ഇറ്റലിക്കാരെ വലിയ തോൽവിയിൽ നിന്നു രക്ഷിച്ചു.
സെർഹു ഗിറാസിയുടെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് വെറ്ററൻ താരം സെർജിയോ റാമോസ് അടങ്ങുന്ന മോണ്ടറേയെ ഡോർട്ട്മുണ്ട് തോൽപ്പിച്ചത്. 14-ാം മിനുട്ടിലും 24-ാം മിനുട്ടിലായിരുന്നു ഗിനിയൻ ദേശീയ ടീം താരമായ ഗിറാസിയുടെ ഗോളുകൾ. രണ്ടിനും വഴിയൊരുക്കിയത് കരിം അദെയെമി ആയിരുന്നു. 48-ാം മിനുട്ടിൽ ജർമൻ ബെർതെറാമെ ഡോർട്ട്മുണ്ടിന്റെ ഒരു ഗോൾ മടക്കിയെങ്കിലും യൂറോപ്യൻ കരുത്തരെ മറികടക്കാൻ പിന്നീട് മെക്‌സിക്കൻ സംഘത്തിന് കഴിഞ്ഞില്ല.