റിയാദ്- സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ ആകാശത്ത് ഇന്നലെ വൈകിട്ട് അപ്രതീക്ഷിതമായി ഒരാസാധരണ അതിഥിയെത്തി. തിളങ്ങുന്ന പിങ്ക് നിറം ധരിച്ച് വൃത്താകൃതിയിലുള്ള പൊട്ടാണ് സൗദിയുടെ ആകാശത്ത് എത്തിയത്. സൂര്യാസ്തമനത്തിന് ശേഷമായിരുന്നു ഈ അതിഥിയുടെ വരവ്. തികകച്ചും അപൂർവവും അസാധാരണവുമായ ഒരു കാഴ്ച. ഇക്കഴിഞ്ഞ മെയ് 13ന് ജിദ്ദയുടെ ആകാശത്തും സമാനമായ രീതിയിൽ പിങ്ക് പൊട്ട് അതിഥിയായി വന്നിരുന്നു. ഈ ആവർത്തിച്ചുള്ള പ്രതിഭാസങ്ങളുടെ സ്വഭാവത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങളും വരുന്നുണ്ട്.
ഇരുണ്ട നീലാകാശത്തിൽ പിങ്ക് നിറം പ്രകാശമാനമായിരുന്നു. അതോടൊപ്പം ശബ്ദമുണ്ടായിരുന്നില്ല. ആകൃതിയിൽ വ്യക്തമായ മാറ്റങ്ങളൊന്നും ഇല്ലാതെ അവ ആകാശത്ത് തന്നെ മിനിറ്റുകളോളം ഉണ്ടായിരുന്നു. അതിന് ശേഷം അവ ക്രമേണ മങ്ങിപ്പോകുകയും ചെയ്തു.


അന്തരീക്ഷത്തിന്റെ മുകളിലെ പാളികളിലെ (അയണോസ്ഫിയർ) ബേരിയം, സ്ട്രോൺഷ്യം, അയോണൈസ്ഡ് ഓക്സിജൻ എന്നിവയുടെ നീരാവി കാരണമാണ് ഈ പ്രതിഭാസം ഉണ്ടായതെന്നാണ് ശാസ്ത്രീയ വിശദീകരണമെന്ന് ജിദ്ദ ജ്യോതിശാസ്ത്ര സൊസൈറ്റിയുടെ തലവൻ എഞ്ചിനീയർ മജീദ് അബു സഹ്‌റ അഭിപ്രായപ്പെട്ടു. കത്തുന്ന റോക്കറ്റിന്റെ അവശിഷ്ടങ്ങൾ, ഉപഗ്രഹങ്ങളുടെ ഭാഗങ്ങൾ, ഹീലിയം/ ഹൈഡ്രജൻ പോലുള്ള വാതകങ്ങളുടെ സാന്നിധം തുടങ്ങിയവ ഒത്തുകൂടുന്നതിന്റെ കൂടി ഫലമായാണ് ഇത്തരത്തിൽ പിങ്ക് പൊട്ട് രൂപപ്പെടാൻ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബേറിയം, സ്ട്രോൺഷ്യം, ഓക്സിജൻ എന്നിവ ഉപയോഗിച്ചുള്ള ഐണോസ്ഫിയർ പരീക്ഷണത്തിലും ഇത് സംഭവിക്കാറുണ്ട്. അമേരിക്കൻ, യൂറോപ്യൻ ബഹിരാകാശ ഏജൻസികൾ റോക്കറ്റുകൾ ഉപയോഗിച്ച് വ്യോമമണ്ഡലത്തിൽ (ionosphere) നടത്തുന്ന ശാസ്ത്രീയ പരീക്ഷണങ്ങളിലും ബേറിയം, സ്ട്രോൺഷ്യം പോലുള്ള ലോഹ വാതകങ്ങൾ പുറത്തേക്ക് തള്ളാറുണ്ട്. ഈ വാതകങ്ങൾ ആകാശത്ത് പ്രകാശശേഖരങ്ങൾ സൃഷ്ടിക്കും. അവ പലപ്പോഴും പിങ്ക്, പച്ച, നീല തുടങ്ങിയ നിറങ്ങളിലുമാകാം. ഇത് ഒരു കൃത്രിമ പ്രകാശപ്രകടനം കൂടിയാണ്. 100 മുതൽ 300 കിലോമീറ്റർ വരെ ഉയർന്ന ആകാശത്തിൽ റോക്കറ്റുകൾ ബേറിയം, സ്ട്രോൺഷ്യം, ഓക്സിജൻ ഐയൺസ് തുടങ്ങിയവ പുറത്തേക്ക് തള്ളാറുണ്ട്. ഇവ സൂര്യപ്രകാശത്തിൽ (മൂടിക്കെട്ടാത്ത ആകാശത്തിൽ) പ്രകാശിക്കുകയും ചെയ്യും. അത് ഒരാൾക്ക് ഭൂമിയിൽ നിന്ന് കാണുമ്പോൾ പിങ്ക്, നീല, പച്ച എന്നിവ പോലെ പ്രകാശിക്കുന്നുണ്ട്. ഇതിനെയാണ് പിങ്ക് സ്പോട്ട് എന്ന് വിളിക്കുന്നത്.