തിരുവനന്തപുരം– തിരുവനന്തപുരം മെഡിക്കല്‍ കോളെജ് യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കല്‍ സമൂഹ മാധ്യമമായ ഫെയ്സ്ബുക്കിലൂടെ നടത്തിയ വെളിപ്പെടുത്തലിന്റേയും തുടര്‍ന്നുള്ള ചര്‍ച്ചയുടേയും അടിസ്ഥാനത്തില്‍ അന്വേഷിക്കാന്‍ നാലംഗ സമിതി നിശ്ചയിച്ച് സര്‍ക്കാര്‍. ആലപ്പുഴ മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ ഡോ.ബി പത്മകുമാര്‍ അധ്യക്ഷനായിരിക്കും. നാലംഗ സമിതിയില്‍ നെഫ്രോളജി വിഭാഗം മേധാവി ഡോ എസ്. ഗോമതി, കോട്ടയം മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ടികെ ജയകുമാര്‍, യൂറോളജി വിഭാഗം മേധാവി ഡോ രാജീവന് അമ്പലത്തറക്കല്‍ എന്നിവരാണുള്ളത്. അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കനാണ് നിര്‍ദ്ദേശം.
തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ പ്രയാസങ്ങളും പ്രശ്നങ്ങളുമായിരുന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഡോ.ഹാരിസ് വിശദമായ പോസ്റ്റ് ഇട്ടത്. പിന്നീട് മാധ്യമങ്ങളും പ്രതിപക്ഷവും ഇതേറ്റെടുത്തതോടെ പ്രതിസന്ധിയിലാവുകയായിരുന്നു സര്‍ക്കാര്‍.
മെഡിക്കല്‍ കോളെജിലെ ഉപകരണ ക്ഷാമം സംബന്ധിച്ചാണ് ഡോ.ഹാരിസ് പ്രധാനമായും ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് ആരോപണങ്ങള്‍ ചര്‍ച്ചയാവുകയും പ്രതിപക്ഷ നേതാവ് വിഡി സതീശന് ഉള്‍പ്പെടെ വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തു. പിന്നീട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് വിശദമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചിരുന്നു.
പാവപ്പെട്ട രോഗികള്‍ക്ക് മുമ്പില്‍ നിസ്സഹായനായി നില്ക്കുന്ന താന്‍ ജോലി രാജിവെക്കുന്ന കാര്യം ആലോചിക്കുന്നതായും ഡോ ഹാരിസ് ചിറക്കല്‍ പറഞ്ഞിരുന്നു. ആരോപണം ആരോഗ്യവകുപ്പ് അധികൃതര്‍ തള്ളുകയായിരുന്നു. അധികൃതരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തനിക്ക് പരിമിതകളുണ്ടെന്ന് പറഞ്ഞ് ഡോ. ഹാരിസ് പോസ്റ്റുകള്‍ പിന്‍വലിക്കുകയും ചെയ്തതും ഏറെ ചര്‍ച്ചയായി.