ജിദ്ദ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ ഉജ്ജ്വല വിജയം ആഘോഷിക്കാൻ ജിദ്ദയിലെ യു.ഡി.എഫ് പ്രവാസി നിലമ്പൂർ നിയോജകമണ്ഡലം കമ്മിറ്റി വിപുലമായ വിജയോത്സവം സംഘടിപ്പിച്ചു. ജിദ്ദ ഷറഫിയയിലെ സഫയർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഒ.ഐ.സി.സി., കെ.എം.സി.സി. നേതാക്കളും പ്രവർത്തകരും വൻതോതിൽ പങ്കെടുത്തു.
പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ആവേശവും ജാഗ്രതയും പ്രകടമായിരുന്നു. ഈ വിജയം കേവലം ഒരു ഉപതിരഞ്ഞെടുപ്പ് വിജയം മാത്രമല്ല, അധികാര ദുർവിനിയോഗം, അഴിമതി, കെടുകാര്യസ്ഥത, ജനദ്രോഹനയങ്ങൾ എന്നിവയ്ക്കെതിരെ കേരളത്തിലെ പിണറായി വിജയൻ സർക്കാരിനെതിരായ ശക്തമായ ജനവികാരത്തിന്റെ പ്രതിഫലനമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഈ വികാരം തുടർച്ചയായി പ്രതിഫലിക്കുമെന്നും യു.ഡി.എഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.
വൈകിട്ട് ഏഴിന് ആരംഭിച്ച ആഘോഷ പരിപാടിയിൽ മുദ്രാവാക്യങ്ങൾ, വിജയഗാനങ്ങൾ, നാട്ടിലെ ആഘോഷങ്ങളോട് സമാനമായ പ്രകടനങ്ങൾ എന്നിവയിലൂടെ പ്രവർത്തകർ ഓഡിറ്റോറിയത്തെ ആവേശത്തിന്റെ ആരവത്തിലാഴ്ത്തി. മധുരപലഹാരങ്ങളും പായസവും വിതരണം ചെയ്ത് പരിപാടി കൂടുതൽ മധുരമുള്ളതാക്കി.
സംഘാടക മികവും സാമൂഹിക ഐക്യവും പ്രകടമായ ഈ വിജയോത്സവം പ്രവാസി മലയാളികളുടെ രാഷ്ട്രീയ, ജനാധിപത്യ ബോധത്തിന്റെ നേർക്കാഴ്ചയായി. ചടങ്ങിൽ പ്രസിദ്ധ ഗായകരായ നൂഹ് ബീമാപ്പള്ളി, സി.പി. മുജീബ്, റഹീം കാക്കൂർ എന്നിവർ ഗാനാലാപനം നടത്തി.
അനസ് നിലമ്പൂർ, അബൂട്ടി പള്ളത്ത്, അബൂബക്കർ അരിമ്പ്ര , സി.എം. അഹമ്മദ്, യാസിർ നായിഫ്, നാസർ വെളിയംകോട്, ഉമ്മർ മങ്കട, മുജീബ് പാക്കട, ഇസ്മയിൽ മുണ്ടുപറമ്പ്, ഇസ്മായിൽ കൂരിപ്പൊയിൽ, ഫൈസൽ മക്കരപ്പറമ്പ, യു.എം. ഹുസ്സൈൻ മലപ്പുറം, സമീർ പാണ്ടിക്കാട്, ഇസ്ഹാഖ് മാസ്റ്റർ, അനീസ്, ലാലു മുസ്തഫ, സാജു റിയാസ്, റഫീഖ് കരുളായി, അമീൻ നിലമ്പൂർ, റാഫി വഴിക്കടവ്, ജലീൽ മാടമ്പ്ര, ഷബീർ കല്ലായി, ഹിജാസ് നിലമ്പൂർ, ആഷിഖ് കല്ലായി, അബ്ദുറഹിമാൻ തേനാരി, കെ.പി. ഉസ്മാൻ, ഉസ്മാൻ പോത്ത്കല്ല്, നിസ്നു ഹുസ്സൈൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.