ന്യൂദല്‍ഹി – ബി ജെ പിയില്‍ ചേരാന്‍ തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നും ചേര്‍ന്നില്ലെങ്കില്‍ ഒരു മാസത്തിനകം ഇ ഡി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും എ എ പി നേതാവും ദല്‍ഹി മന്ത്രിയുമായ അതിഷി വെളിപ്പെടുത്തി. വാര്‍ത്താസമ്മേളനത്തിലാണ് അതിഷി ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാം എന്നായിരുന്നു ബി ജെ പിയുടെ ഓഫര്‍. തന്റെ ഏറ്റവും അടുത്ത സുഹൃത്ത് വഴിയാണ് ബി ജെ പി നേതൃത്വം തന്നെ സമീപിച്ചത്. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നാല് നേതാക്കളെ കൂടി അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നുണ്ട്. ദല്‍ഹി മുഖ്യമന്ത്രി കെജ്റിവാളിനെ അറസ്റ്റ് ചെയ്യുന്നതോടെ എ എ പി പിളരുമെന്നാണ് ബി ജെ പി കരുതിയെന്നും അതിഷി പറഞ്ഞു.
തന്റെ വീട്ടില്‍ വൈകാതെ ഇ ഡി റെയ്ഡ് ഉണ്ടാകും. ഭീഷണിയില്‍ ഭയപ്പെടില്ല. ഒന്നര വര്‍ഷം മുന്‍പ് ഉള്ള മൊഴി ഇപ്പോള്‍ ഇ ഡി കോടതിയില്‍ ഉന്നയിക്കുന്നത് തങ്ങളെ ജയിലില്‍ ഇടാനാണ്. കെജ്റിവാള്‍ ഒരിക്കലും രാജി വെയ്ക്കില്ല. രാഷ്ട്രപതി ഭരണത്തിലൂടെ പിന്‍വാതില്‍ ഭരണത്തിനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അതിഷി കുറ്റപ്പെടുത്തി.
ദല്‍ഹി മദ്യനയ അഴിമതിയില്‍ മന്ത്രിമാരായ അതിഷിയെയും സൗരഭ് ഭരദ്വാജിനെയും ഇ ഡി ഉടന്‍ ചോദ്യം ചെയ്യാനിരിക്കുകയാണ്. കേസിലെ പ്രതി വിജയ് നായര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഇരുവരോടുമാണെന്ന് കെജ്റിവാള്‍ മൊഴി നല്‍കിയെന്നാണ് ഇ ഡിയുടെ വാദം. അതേസമയം അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്തുള്ള കെജ്റിവാളിന്റെ ഹര്‍ജിയില്‍ ഇ ഡി ഇന്ന് മറുപടി നല്‍കും.