കോട്ടയം – കേരളം നേരിട്ടു കൊണ്ടിരിക്കുന്നത് തുടർ ഭരണത്തിൻ്റെ ദുരന്തമാണെന്ന് എ ഐ സി സി വർക്കിംഗ് കമ്മറ്റിയംഗം രമേശ് ചെന്നിത്തല.
യു ഡി എഫ് ഏറ്റുമാനൂർ നിയോജക മണ്ഡലം തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകടനപത്രികയിൽ പറഞ്ഞ മിനിമം കൂലി പോലും കഴിഞ്ഞ എട്ട് വർഷമായി നടപ്പിലാക്കാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാർ ജനങ്ങളെ ദുരന്തത്തിലേക്ക് തള്ളി വിടുകയാണ്. 52 ലക്ഷത്തോളം വരുന്ന ക്ഷേമ പെൻഷൻകാർക്ക് കഴിഞ്ഞ എട്ട് മാസമായി പെൻഷനില്ല. സർക്കാർ ജീവനക്കാർക്ക് ശമ്പളമില്ല. സപ്ലൈക്കോയിൽ സബ്സിഡി സാധനങ്ങളില്ല. കേരള ജനതയെ ഇല്ലായ്മകളുടെ പടുകുഴിയിലേക്ക് വീഴ്ത്തിയ ഭരണ ഭീകരത കേന്ദ്ര സർക്കാരിനേക്കാൾ ഒട്ടും വിഭിന്നമല്ല. ജനാധിപത്യം തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന മോദി സർക്കാരും പിണറായി സർക്കാരും തമ്മിലുള്ള അന്തർധാര ശക്തമാണെന്നും ജനാധിപത്യ ഇന്ത്യയെ നിലനിർത്താൻ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥികളെ തിരഞ്ഞെടുത്ത് പാർലമെൻറിലേക്ക് അയയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഐ.എൻ.റ്റി.യു.സി നിയോജക മണ്ഡലം പ്രസിഡണ്ട് അച്ചൻകുഞ്ഞ് ചെക്കോ ന്തയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
യു ഡി എഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ജനറൽ കൺവീനർ അഡ്വ.മോൻസ് ജോസഫ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി.