തെഹ്റാന് – ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തിന് മറുപടിയായി അമേരിക്കന്‍ കപ്പലുകള്‍ ആക്രമിക്കുമെന്നും ഹുര്‍മുസ് കടലിടുക്ക് അടക്കുമെന്നും ഇറാന് ഭീഷണി മുഴക്കി. ഇറാന് പരമോന്നത നേതാവ് അലി ഖാംനഇയുടെ പ്രതിനിധിയും കെയ്ഹാന് പത്രത്തിന്റെ എഡിറ്റര്‍-ഇന്‍-ചീഫുമായ ഹുസൈന് ശരീഅത്ത്മദാരി ഫോര്‍ഡോ ആണവ കേന്ദ്രത്തിനു നേരെയുള്ള യു.എസ് ആക്രമണത്തെ കുറിച്ച തന്റെ ആദ്യ പ്രതികരണത്തില്‍ നേരിട്ടുള്ളതും ഉടനടിയുള്ളതുമായ സൈനിക തിരിച്ചടിക്ക് ആഹ്വാനം ചെയ്തു.
ഫോര്‍ഡോ കേന്ദ്രത്തിനു നേരെയുള്ള യു.എസ് ആക്രമണത്തിന് അമേരിക്കന്‍ നാവികസേനയുടെ കപ്പലുകള്‍ക്കു നേരെ ആക്രമണം നടത്തി ആദ്യപടിയായി ഉടനടി പ്രതികരിക്കേണ്ടതിന്റെ ഊഴമാണ് ഇപ്പോഴുള്ളത്. അമേരിക്കന്‍, ബ്രിട്ടീഷ്, ജര്‍മന്‍, ഫ്രഞ്ച് കപ്പലുകള്‍ക്കു മുന്നില്‍ ഹുര്‍മുസ് കടലിടുക്ക് അടക്കണം. അമേരിക്കന്‍ ആക്രമണത്തിനുള്ള തിരിച്ചടി, പ്രതിരോധം ഉറപ്പാക്കാനും അത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാനും ഉറച്ചതും വേദനാജനകവുമായിരിക്കണമെന്ന് ഹുസൈന് ശരീഅത്ത്മദാരി പറഞ്ഞു.
മിസ്റ്റര്‍ ട്രംപ്, നിങ്ങളാണ് ഇത് ആരംഭിച്ചത്, ഞങ്ങള്‍ അത് അവസാനിപ്പിക്കും –
ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന് എന്നിവിടങ്ങളിലെ ഇറാന് ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള സൈനിക ആക്രമണത്തെ കുറിച്ചുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ കുറിച്ച് പരാമര്‍ശിച്ച് ഇറാന് ടെലിവിഷന്‍ പറഞ്ഞു. മേഖലയിലെ ഓരോ അമേരിക്കന്‍ പൗരനും സൈനികനും ഇപ്പോള്‍ ഇറാന്റെ ലക്ഷ്യമാണെന്നും ഇറാന് ടി.വി പറഞ്ഞു.
ഇസ്രായിലിലേക്ക് ആയുധങ്ങളുമായി പോകുന്ന കപ്പലുകളും വിമാനങ്ങളും ആക്രമിക്കുമെന്ന് ഇറാന് സൈന്യം പ്രസ്താവിച്ചു. വിമാനങ്ങളും കപ്പലുകളും ആയുധങ്ങളുമായി പോകുന്നത് ഇറാനെതിരായ ആക്രമണത്തില്‍ നേരിട്ടുള്ള പങ്കാളിത്തമായി കണക്കാക്കും. ഇസ്രായിലിനെ പിന്തുണക്കാനായി ഏതെങ്കിലും യുദ്ധ ഉപകരണങ്ങളോ റഡാര്‍ സംവിധാനങ്ങളോ അയക്കുന്നത് ശത്രുതാപരമായ പ്രവൃത്തിയായി കണക്കാക്കി ഞങ്ങളുടെ സേനയില്‍ നിന്ന് ഉടനടി തിരിച്ചടി ലഭിക്കുമെന്ന് ഇറാന് സായുധ സേനാ വക്താവ് ടെലിവിഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. അത്തരം ആയുധങ്ങള്‍ കൊണ്ടുപോകുന്ന എല്ലാ കപ്പലുകളും വിമാനങ്ങളും നിയമപരമായ ലക്ഷ്യങ്ങള്‍ ആയിരിക്കുമെന്ന് സൈനിക വക്താവ് പറഞ്ഞു.