ജിസാൻ: ജിസാൻ ബെയിഷിൽ ജോലിസ്ഥലത്ത് ഉറക്കത്തിനിടെ ഹൃദയാഘാതം മൂലം മരിച്ച കോഴിക്കോട് ഫറോക്ക് പരുത്തിപ്പാറ വടക്കെണി പൂവത്തുംകണ്ടി വീട്ടിൽ അഫ്സൽ താഹ(35)യുടെ മൃതദേഹം സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ബെയിഷ് അൽരാജി ഖബർസ്ഥാനിൽ ഖബറടക്കി. അൽദർബ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെയാണ് ബെയിഷിലേക്ക് കൊണ്ടുവന്നത്. അൽരാജി മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിലും ഖബറടക്ക ചടങ്ങുകളിലും ജിസാനിലെ സാമൂഹിക പ്രവർത്തകരും പ്രവാസികളുമടക്കം നിരവധിപേർ പങ്കെടുത്തു. കെ.എം.സി.സി സൗദി ദേശീയ സെക്രട്ടറി ഹാരിസ് കല്ലായിയുടെ നേതൃത്വത്തിൽ കെ.എം.സി.സി പ്രവർത്തകരാണ് മൃതദേഹം ഖബറടക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തീകരിച്ചത്.
കഴിഞ്ഞ എട്ടു വർഷമായി ജിസാൻ ബെയിഷിൽ റിവൈവ കമ്പനിയിൽ ജോലിചെയ്യുകയായിരുന്ന അഫ്സൽ ഈ മാസം 15 നാണ് മരിച്ചത്. ബെയിഷിലെ ജോലിസ്ഥലത്ത് രാത്രി മുറിയിൽ ഉറങ്ങുകയായിരുന്ന അഫ്സലിനെ സഹപ്രവർത്തകർ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അഫ്സൽ ദീർഘകാലമായി അപസ്മാര രോഗ ബാധിതനായിരുന്നു. വടക്കെണി കോയാലിയുടെയും ഖദീജയുടെയും മകനാണ് വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ്.