ലഖ്നൗ– ഭാര്യയെ കാമുകന്റെ വീട്ടില്‍ കണ്ടെത്തിയതിന്റെ വൈരാഗ്യത്തില്‍ മൂക്ക് കടിച്ചെടുത്തത് ഭര്‍ത്താവ്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് രാം ഖില്‍വാന്‍ പോലീസ് കസ്റ്റഡിയില്‍. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം. തന്റെ ഗ്രാമത്തില്‍ താമസിക്കുന്ന കാമുകനെ കാണാന്‍ പുറപ്പെട്ട യുവതിയെ പിന്തുടര്ന്നെത്തിയ ഭര്‍ത്താവ് രാം കാമുകന്റെ വീട്ടില്‍ എത്തുകയായിരുന്നു. ഇവരുമായുണ്ടായ വാക്ക് തര്‍ക്കത്തിനിടയില്‍ യുവതിയുടെ മൂക്ക് രാം കടിച്ചെടുക്കുകയായിരുന്നുവെന്ന് കാമുകന് പറഞ്ഞു.
യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും കുടുംബാംഗങ്ങളുമാണ് പോലീസിനെ വിവരമറിയിച്ചത്. ഹരിയവാന്‍ പോലീസ് സ്ഥലത്തെത്തി യുവതിയെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് ആരോഗ്യനില ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സക്കായി ലക്നൗവിലേക്ക് മാറ്റി. ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണെന്ന് അഡീഷണല്‍ എസ്.പി നരേന്ദ്ര കുമാര്‍ പറഞ്ഞു.