കോഴിക്കോട്– കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ വ്യാപക നാശനഷ്ടം. കുമാരനല്ലൂര്‍ വില്ലേജിലെ ചെറുപുഴയില്‍ ജലനിരപ്പ് ഉയര്‍ന്ന് രണ്ടു വീടുകളില്‍ വെള്ളം കയറി. ഇതില്‍ ഒരു കുടുംബത്തെ മുട്ടോളി അങ്കനവാടിയിലും മറ്റൊരു കുടുംബത്തെ ബന്ധു വീട്ടിലേക്കും മാറ്റിപ്പാര്‍പ്പിച്ചു. കൊയിലാണ്ടി പന്തലായനി 32ാം വാര്‍ഡില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രണ്ടു കുടുംബങ്ങളെ കോതമംഗലം ജി.എല്‍.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പെരുവയല്‍ വില്ലേജില്‍ കൊളക്കാട്ട് മീത്തല്‍ മുഹമ്മദ് മുസ്തഫയുടെ വീടിനു മുകളില്‍ മരം വീണു. മടവൂര്‍ മുട്ടാഞ്ചേരി ഭാഗത്ത് ശക്തമായ കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. ഏതാനും വീടുകള്‍ക്ക് ചെറിയ കേടുപാടുണ്ടായി.
വടകരയില്‍ ശക്തമായ കാറ്റിലും മഴയിലും ആറു വീടുകള്‍ ഭാഗികമായി തകര്‍ന്നു. തൂണേരി പി.എച്ച്.സിക്കു സമീപം പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ തൊട്ടടുത്തുള്ള മതില് തകര്‍ന്നു വീണ് പാചകശാലയുടെ ഭാഗത്ത് കേടുപാടുകളുണ്ടായി. ഏറാമല ആദിയൂരില് കക്കാട്ടു പറമ്പത്ത് ദിലീപ് കുമാറിന്റെ വീട്ടു മുറ്റത്തുള്ള കിണര്‍ രണ്ട് മീറ്റര്‍ താഴ്ന്നു.