ഇന്‍ഡോര്‍- മധ്യപ്രദേശിലെ ബര്‍വാനിയില്‍ ലിംബായി ഗ്രാമത്തില്‍ അഞ്ജാത മൃഗത്തിന്റെ ആക്രമണത്തിനിരയായ ആറു പേര് മരണമടഞ്ഞു. പ്രദേശത്ത് കഴുതപ്പുലി (ഹൈന)യെ കണ്ടതിനാല്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി മധ്യപ്രദേശ് വനംവകുപ്പ് അറിയിച്ചു. അതേസമയം കഴുതപ്പുലി ആണ് ആക്രമിച്ചതെന്നതിന് യാതൊരു തെളിവും ലഭ്യമായിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മെയ് അഞ്ചിനാണ് ലിംബായ് ഗ്രാമത്തിലെ വീടിനു പുറത്ത് ഉറങ്ങുകയായിരുന്ന 17 പേരെ പുലര്ച്ചയോടെയാണ അജ്ഞാത മൃഗം ആക്രമിക്കുന്നത്. ശക്തമായ ചൂട് കാരണമാണ് പുറത്ത് ഉറങ്ങാന്‍ കിടന്നത്. മൃഗത്തിന്റെ ആക്രമണമേറ്റവര്ക്കെല്ലാം പേവിഷബാധാ വാക്സിന് നല്‍കിയിരുന്നു. ഇവരില്‍ ആറുപേരാണ് മരണത്തിന് കീഴടങ്ങിയത്. അതിനിടെ ലിംബായ് ഗ്രാമത്തില്‍ ഒരു കഴുതപ്പുലിയെ കണ്ടതായും മൃഗത്തിന്റേതെന്ന് സംശയിക്കുന്ന കാല്പ്പാടുകളുണ്ടെന്നും നാട്ടുകാര്‍ ഫോറസ്റ്റിനെ വിവരമറിയിച്ചു. ഈ വിവരമറിഞ്ഞ ഉടന്‍ പ്രദേശത്ത് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ (റേഞ്ചര്‍) വികാസ് ജാംരെ അറിയിച്ചു. ഗ്രാമത്തില്‍ നിന്ന് ഏകദേശം 4.50 കിലോമീറ്റര്‍ അകലേയാണ് വന അതിര്‍ത്തി സ്ഥിതി ചെയ്യുന്നത്. ലിംബായ് ഗ്രാമത്തിലെ 15 കിലോമീറ്റര്‍ ചുറ്റളവില്‍ തിരച്ചില്‍ നടത്തും. വനംവകുപ്പിലെ നാല്‍പ്പത്തിയഞ്ച് ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചതെന്നും വികാസ് വിശദീകരിച്ചു.