ജിദ്ദ – ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്ന് മക്കയില്‍ വിശുദ്ധ ഹറമിലേക്കുള്ള എയര്‍ ടാക്‌സി സര്‍വീസ് 2026 ഓടെ നിലവില്‍വരുമെന്ന് വെളിപ്പെടുത്തല്‍. ഇതോടെ ജിദ്ദ വിമാനത്താവളത്തില്‍നിന്ന് പത്തു മിനിറ്റിനകം ഹറമിലെത്താന്‍ സാധിക്കും. ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്ന് വിശുദ്ധ ഹറമിനോടു ചേര്‍ന്നുള്ള കിംഗ് അബ്ദുല്‍ അസീസ് എന്‍ഡോവ്‌മെന്റ് കോംപ്ലക്‌സിലേക്കും തിരിച്ചുമാണ് എയര്‍ ടാക്‌സി സര്‍വീസുണ്ടാവുക. കിംഗ് അബ്ദുല്‍ അസീസ് എന്‍ഡോവ്‌മെന്റ് കോംപ്ലക്‌സിലെ ഹോട്ടലുകള്‍ക്കു മുകളിലെ ഹെലിപാഡുകളാണ് എയര്‍ ടാക്‌സി സേവനത്തിന് പ്രയോജനപ്പെടുത്തുക.
ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്-ഓഫ് ആന്റ് ലാന്റിംഗ് (ഇ-വിറ്റോള്‍) ആണ് എയര്‍ ടാക്‌സി സേവനത്തിന് പ്രയോജനപ്പടുത്തുക. ഇത്തരത്തില്‍ പെട്ട 100 വിമാനങ്ങള്‍ ജര്‍മന്‍ കമ്പനിയില്‍ നിന്ന് വാങ്ങാന്‍ അടുത്തിടെ ദേശീയ വിമാന കമ്പനിയായ സൗദിയ കരാര്‍ ഒപ്പുവെച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ ജിദ്ദ എയര്‍പോര്‍ട്ടിനും മക്കക്കുമിടയില്‍ സര്‍വീസ് നടത്താനാണ് ഇത്തരം വിമാനങ്ങള്‍ സൗദിയ ഉപയോഗിക്കുക. വിജയകരമാണെന്ന് തെളിയുന്ന പക്ഷം പദ്ധതി സൗദിയിലെ പ്രധാന നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. എട്ടു സീറ്റുകളും പത്തു മുതല്‍ പന്ത്രണ്ടു വരെ സീറ്റുകളുമുള്ള രണ്ടിനം ഇ-വിറ്റോളുകള്‍ ആണ് ജിദ്ദ-മക്ക സര്‍വീസിന് ഉപയോഗിക്കുകയെന്നും ജിദ്ദക്കും മക്കക്കുമിടയില്‍ ഇതിനകം എയര്‍ ടാക്‌സി പരീക്ഷണ സര്‍വീസ് നടത്തിയതായും എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ മിശ്അല്‍ അല്‍യാമി പറഞ്ഞു.
ഇലക്ട്രിക് വിമാനത്തില്‍ യാത്രക്കാര്‍ക്കൊപ്പം ലഗേജ് കയറ്റില്ല. യാത്രക്കാരെ എത്തിച്ച ശേഷം ലഗേജ് ഒറ്റക്ക് എത്തിക്കുകയാണ് ചെയ്യുക. ഇലക്ട്രിക് വിമാന സര്‍വീസ് നിലവില്‍ വരുന്നതോടെ തിരക്കോ ദീര്‍ഘദൂര യാത്രയോ ഇല്ലാതെ തീര്‍ഥാടകര്‍ അടക്കമുള്ളവര്‍ക്ക് എളുപ്പത്തില്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്ന് ഹറമിലും തിരിച്ചും എത്താന്‍ സാധിക്കും. ജിദ്ദ നഗരം ഒഴിവാക്കി ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്ന് മക്കയിലേക്ക് പുതിയ ഡയറക്ട് റോഡ് നിര്‍മിക്കുന്നുണ്ട്. ഇതിന്റെ നിര്‍മാണ ജോലികള്‍ അന്തിമ ഘട്ടത്തിലെത്തിയിട്ടുണ്ട്. ജിദ്ദ, മക്ക യാത്രാ സമയം 35 മിനിറ്റ് ആയി പുതിയ റോഡ് കുറക്കും.