കൊച്ചി– ജൂണ്‍ 19ന് നടക്കാനിരിക്കുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പിണറായിസത്തിനുള്ള മറുപടിയായിരിക്കുമെന്ന് പി.വി അന്‍വര്‍. മൂന്നാമതും പിണറായി വിജയന്‍ വരില്ലെന്ന് ഉപതെരഞ്ഞെടുപ്പ് ഫലം ഉറപ്പിക്കും. പിണറായിയുടെ കുടുംബാധിപത്യത്തിന് മറുപടി നല്‍കി 25000 വോട്ടിന് ഭൂരിപക്ഷത്തിൽ യു.ഡി.എഫ് വിജയിക്കുമെന്നും അന്‍വര്‍ പറഞ്ഞു.
നാലാം വാര്‍ഷികം ആഘോഷിക്കുന്ന ഇടത് സര്‍ക്കാര്‍ കേരളത്തിന് വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? കോര്‍പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും വേണ്ടി സൗകര്യം ചെയ്തുകൊടുത്തു എന്നതിലപ്പുറം ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മറുപടിയില്ല. നിലമ്പൂരില്‍ പിണറായി തന്നെ മത്സരിച്ചാലും ജയിക്കില്ല, പിന്നയല്ലേ പൊതുസ്വതന്ത്രന്‍. യു.ഡി.എഫ് സ്ഥാനാര്‍ഥി ആരായാലും നിരുപാധിക പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രത്തിനേക്കാള്‍ വലിയ ഫാസിസ്റ്റ് ഭരണം നടക്കുന്നത് കേരളത്തിലാണ്. ആശവര്‍ക്കര്‍മാരുടെ സമരത്തില്‍ നമ്മൾ കണ്ടതാണ്. തൃശൂര്‍ പൂരം കലക്കിയതും സ്വര്‍ണക്കള്ളക്കടത്തും മാമി തിരോധാനവുമെല്ലാം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. 2026ലെ തെരഞ്ഞെടുപ്പില്‍ കേരളം ആരു ഭരിക്കുമെന്ന് വ്യക്തമായ ചിത്രം നിലമ്പൂരില്‍ കാണാമെന്നും അന്‍വര്‍ പറഞ്ഞു.
ജൂൺ 23നാണ് നിലമ്പൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം. പി.വി അന്‍വര്‍ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2021ലെ തെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായ അന്‍വര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ അഡ്വ.വി.വി പ്രകാശനെ 2700 വോട്ടിന് പരാജയപ്പെടുത്തിയാണ് എം.എല്‍.എ ആയത്.