ബെംഗളൂരു: വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ 400-ലേറെ സീറ്റുകൾ നേടി അധികാരത്തിലെത്താമെന്ന ബി.ജെ.പിയുടെ മോഹത്തിന് കർണാടകയിലും തിരിച്ചടി നേരിട്ടേക്കുമെന്ന് റിപ്പോർട്ട്. ബി.ജെ.പിക്കുള്ളിലെ കലഹമാണ് ഇതിന് കാരണം. കർണാടകയിലെ 28 ലോക്‌സഭാ സീറ്റുകളിൽ ബിജെപിയും ജനതാദളും (സെക്കുലർ) കഴിഞ്ഞയാഴ്ച സഖ്യം പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പി 25 സീറ്റിലും ജനതാദൾ സെക്യുലർ മൂന്നു സീറ്റുകളിലുമാണ് മത്സരിക്കുന്നത്. അതേസമയം, ബി.ജെ.പിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം സംബന്ധിച്ച് പാർട്ടിക്കുള്ളിൽ തന്നെ കലാപം ഉയർന്നു കഴിഞ്ഞു.
ബി.ജെ.പി.യുടെ ചിക്കബല്ലാപ്പൂർ സ്ഥാനാർത്ഥി പ്രഖ്യാപനം സംബന്ധിച്ചാണ് പ്രതിസന്ധി. തെക്കൻ കർണാടകയിലെ ചിക്കബല്ലാപ്പൂർ മണ്ഡലത്തിൽ ബസവരാജ് ബൊമ്മൈ സർക്കാരിലെ ആരോഗ്യമന്ത്രിയായിരുന്ന കെ സുധാകറിനെയാണ് സ്ഥാനാർത്ഥിയായി പാർട്ടി പ്രഖ്യാപിച്ചത്. ചിക്കബെല്ലാപൂർ പാർലമെൻറ് മണ്ഡലത്തിൽ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലമായ യെലഹങ്ക എംഎൽഎ എസ്ആർ വിശ്വനാഥിന് പ്രഖ്യാപനത്തിന് എതിരെ രംഗത്തുവന്നു.
മകൻ അലോക് വിശ്വനാഥിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് വിശ്വനാഥ് ആഗ്രഹിക്കുന്നത്. പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർത്ഥിക്കെതിരെ വിശ്വനാഥിനെ പിന്തുണക്കുന്നവർ ഗോ ബാക്ക് സുധാകർ’ എന്ന പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.
സുധാകറിനെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൊടികളും ചിഹ്നങ്ങളും, പോസ്റ്ററുകളും പ്ലക്കാർഡുകളും വഹിച്ചുകൊണ്ട് വൻ പ്രതിഷേധവും നടന്നു. നിരത്തിൽ ടയറുകൾ കത്തിച്ച് പ്രതിഷേധവും അരങ്ങേറി.
തുംകുരുവിൽ സംഘർഷാവസ്ഥ
ചിക്കബല്ലാപ്പൂരിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള തുമകൂരിലും ബി.ജെ.പിയും ജെ.ഡി.എസും തർക്കത്തിലാണ്. ഇവിടെ നടന്ന ഒരു സംയുക്ത യോഗത്തിൽ പാർട്ടി പ്രവർത്തകർ ഏറ്റുമുട്ടി.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ഉത്തരവാദിയെന്ന് കരുതുന്ന ബിജെപിയുടെ കൊണ്ടജ്ജി വിശ്വനാഥിനെതിരെ ജെഡിഎസ് എംഎൽഎ എംടി കൃഷ്ണപ്പ ആഞ്ഞടിച്ചതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്.
ഹാസനിലും ബി.ജെ.പിയും ജെ.ഡി.എസും തമ്മിൽ പ്രശ്നങ്ങളുണ്ട്. ഇരുപക്ഷത്തു നിന്നുമുള്ള മുതിർന്ന നേതാക്കൾ താഴെത്തട്ടിലെ ഏകോപനത്തെക്കുറിച്ച് ആശങ്കാകുലരാണ്.
“ചില അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഇതൊരു പുതിയ സഖ്യമാണ്. ഇത് ഇപ്പോൾ രൂപീകരിച്ചതാണ്. ഇരു പാർട്ടികളിലെയും പാർട്ടി പ്രവർത്തകരുമായി ഞങ്ങൾ ഒരു യോഗം രൂപീകരിച്ചു. കാര്യങ്ങൾ ആരോഗ്യകരമാണ്. ഞങ്ങൾ അത് അങ്ങനെ തന്നെ തുടരുമെന്ന് ബി.ജെ.പി നേതാക്കൾ വ്യക്തമാക്കി.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ രണ്ട് ഘട്ടങ്ങളിലായി ഏപ്രിൽ 26നും മെയ് 7നും വോട്ടെടുപ്പ് നടക്കും.