ലണ്ടൻ: ഗാസ മനുഷ്യക്കുരുതിയുടെ കശാപ്പുശാലയാണെന്ന് ഗാസയിൽ ജോലി ചെയ്യുന്ന ബ്രിട്ടീഷ് ഡോക്ടർമാർ വിശേഷിപ്പിച്ചു. ഗാസയിൽ ഇവർ ചികിത്സിക്കുന്ന രോഗികൾക്ക് കടുത്ത പോഷകാഹാരക്കുറവുണ്ട്. ബ്രിട്ടനിൽ നിന്നുള്ള പ്ലാസ്റ്റിക് സർജന്മാരും ഓർത്തോപീഡിക് വിദഗ്ധരും ഗാസയുടെ തെക്ക് ഭാഗത്തുള്ള ഖാൻ യൂനിസിലെ അമൽ, നാസിർ ആശുപത്രികളിലാണ് ജോലി ചെയ്യുന്നത്.
പൊള്ളലേറ്റ പരിക്കുകളിൽ വിദഗ്ധനായ പ്ലാസ്റ്റിക് സർജനായ ഡോ. ടോം പൊട്ടോക്കർ 16 തവണ ഗാസയിൽ ജോലി ചെയ്തിട്ടുണ്ട്. എന്നാൽ, 2023-ലെ തന്റെ അവസാന സന്ദർശനത്തേക്കാൾ വളരെ വലിയ തോതിലുള്ള നാശമാണ് ഇപ്പോഴത്തെ ദൗത്യം വെളിപ്പെടുത്തിയതെന്ന് ഡോ. ടോം പൊട്ടോക്കർ സ്‌കൈ ന്യൂസിനോട് പറഞ്ഞു. എന്ത് പറയാൻ കഴിയും, ഇത് ഭയാനകമാണ്, ഇത് ഒരു കശാപ്പുശാലയാണ് ഇസ്രായിൽ ആക്രമണത്തിൽ ഭർത്താവും കുട്ടികളും കൊല്ലപ്പെട്ട് ഗുരുതരമായി പരിക്കേറ്റ ഫലസ്തീൻ സ്ത്രീയുടെ ശസ്ത്രക്രിയക്ക് ശേഷം ഡോ. ടോം പൊട്ടോക്കർ പറഞ്ഞു.
സംസാരം നിർത്തി എന്തെങ്കിലും ചെയ്യാൻ അദ്ദേഹം ലോക നേതാക്കളോട് ആവശ്യപ്പെട്ടു. താൻ ജോലി ചെയ്തിരുന്ന സമീപത്തുള്ള യൂറോപ്യൻ ആശുപത്രി ഇസ്രായിലി മിസൈലുകൾ പതിച്ച് അടച്ചുപൂട്ടാൻ നിർബന്ധിതമായതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഡോ. ടോം പൊട്ടോക്കർ അമൽ ആശുപത്രിയിലേക്ക് മാറുകയായിരുന്നു.
ഗാസയിലെ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ തകർന്ന അവസ്ഥയിലാണ്. 2023 ഒക്‌ടോബറിൽ യുദ്ധം ആരംഭിച്ച ശേഷം ഗാസ ആശുപത്രികൾ ആവർത്തിച്ച് ലക്ഷ്യമിട്ട് ഇസ്രായിൽ ആക്രമണങ്ങൾ നടത്തുന്നു. നിരന്തരമായ വ്യോമാക്രമണങ്ങളിലും ബോംബാക്രമണങ്ങളിലും 53,000-ത്തിലേറെ ആളുകൾ കൊല്ലപ്പെട്ടു. സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട പരിക്കുകളുള്ള ഫലസ്തീനികളെ കൊണ്ട് ആശുപത്രികൾ നിറഞ്ഞിരിക്കുന്നു. മാർച്ച് മുതൽ മാനുഷിക സഹായങ്ങൾ ഇസ്രായിൽ ഏർപ്പെടുത്തിയ സമ്പൂർണ ഉപരോധം ആശുപത്രികളെ കൂടുതൽ ബുദ്ധിമുട്ടിലാക്കി. പരിമിതമായ സാധനങ്ങൾ മാത്രം ഉപയോഗിച്ച് പരിക്കേറ്റവരെ ചികിത്സിക്കാൻ ഡോക്ടർമാർ നിർബന്ധിതരായി.
ഇത്തവണ വ്യത്യാസം തീവ്രമാണെന്ന് ഞാൻ കരുതുന്നു ഡോ. ടോം പൊട്ടോക്കർ പറഞ്ഞു. 2023 ഒക്‌ടോബർ മുതൽ ഡിസംബർ വരെ ഞാൻ അവസാനമായി ഇവിടെ ഉണ്ടായിരുന്നു. അന്ന് ധാരാളം പരിക്കേറ്റവരുണ്ടായിരുന്നു. അതും വളരെ ഗുരുതരമായ സാഹചര്യമായിരുന്നു. എന്നാൽ, ഇപ്പോൾ ഉപരോധം കാരണം വളരെ കുറച്ച് സാധനങ്ങൾ മാത്രമേ ഉള്ളൂ. ഭക്ഷണമൊന്നും ലഭിക്കുന്നില്ല. അതിനാൽ ആളുകൾ പട്ടിണിയിലാണ്. വളരെ കുറച്ച് മെഡിക്കൽ സാധനങ്ങൾ മാത്രമേ വരുന്നുള്ളൂ. പക്ഷേ വളരെ ശ്രദ്ധേയമായ മറ്റൊരു കാര്യം നാശത്തിന്റെ വ്യാപ്തിയാണ്. അതായത്, ഖാൻ യൂനിസ് സ്റ്റാലിൻഗ്രാഡിനെപ്പോലെ കാണപ്പെടുന്നു. ഇത്തവണ പ്രധാന വ്യത്യാസങ്ങൾ ഇതാണെന്ന് ഞാൻ കരുതുന്നുവെന്ന് ഡോ. ടോം പൊട്ടോക്കർ പറഞ്ഞു.
ആശുപത്രിയിലെ എമർജൻസി റൂമുകളിലെ മോശം അവസ്ഥകൾ സ്‌കൈ ന്യൂസ് റിപ്പോർട്ട് തുറന്നുകാണിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ഇവിടെ എത്തിക്കുന്നു. പ്രാഥമിക ചികിത്സക്കു ശേഷം ഇവരെ ബ്രിട്ടീഷ് മെഡിക്കൽ ജീവനക്കാർക്കൊപ്പം ശസ്ത്രക്രിയക്ക് അയക്കുന്നു. പരിക്കുകളിൽ ഭൂരിഭാഗവും സ്‌ഫോടന മുറിവുകളാണ്. രോഗികൾക്ക് പോഷകാഹാരക്കുറവുണ്ട്.
നാസിർ ആശുപത്രിയിൽ നെഞ്ചിലും പുറകിലും പൊള്ളലേറ്റ ഒരു കുഞ്ഞ് എത്തി. മറ്റൊരു കുഞ്ഞ് ആഴത്തിലുള്ള മുറിവുകളോടെ നിശബ്ദമായി കിടന്നു. ഈ കുഞ്ഞിന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു. ആശുപത്രിയിൽ ജോലി ചെയ്യുന്ന ബ്രിട്ടീഷ് പ്ലാസ്റ്റിക് സർജനായ ഡോ. വിക്‌ടോറിയ റോസ് ഇസ്രായിലി മിസൈൽ ആക്രമണത്തെ തുടർന്ന് അടച്ചുപൂട്ടിയ ബേൺസ് യൂനിറ്റിന്റെ ഉൾഭാഗം കാണിച്ചു. ഖാൻ യൂനിസിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ ഇസ്രായിൽ ഈ ആഴ്ച ഉത്തരവിട്ടു. ഇത് ആശുപത്രിയിലെ നിരവധി ജീവനക്കാർക്ക് ജോലിയിൽ പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് നയിച്ചതായി ഡോ. വിക്‌ടോറിയ റോസ് പറഞ്ഞു. എന്റെ അനസ്‌തെറ്റിക് നഴ്‌സിനും ഓർത്തോപീഡിക് സഹപ്രവർത്തകനും ശസ്ത്രക്രിയക്ക് മധ്യേ ഞങ്ങളുടെ അടുത്തു നിന്ന് പോയി അവരുടെ കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റേണ്ടിവന്നു ഡോ. വിക്‌ടോറിയ റോസ് പറഞ്ഞു.
ഡോ. വിക്‌ടോറിയ റോസിനൊപ്പം ജോലി ചെയ്യുന്ന സർജനായ ഡോ. ഗ്രേം ഗ്രൂം തന്റെ ഫലസ്തീൻ സഹപ്രവർത്തകരെ പ്രശംസിച്ചു. ഇവരും നിങ്ങളെയും എന്നെയും പോലെയുള്ള ആളുകളാണ്. അവർക്ക് അവരുടെ വീടുകളും കുടുംബങ്ങളുമുണ്ട്. അവർ സാധാരണ ജീവിതം നയിക്കുന്നു. പലരും വളരെ ശ്രദ്ധേയരായ ആളുകളാണ്. അവർക്ക് ഒരു മുന്നറിയിപ്പുമില്ലാതെ ബാഗ് എടുത്ത് സ്ഥലം വിടേണ്ടിവരുന്നു. ഭക്ഷണവും വെള്ളവും അഭയവും തേടേണ്ടിവരുന്നു. പക്ഷേ, എല്ലാ ദിവസവും അവർ ജോലിസ്ഥലത്ത് എത്തുന്നു- ഡോ. ഗ്രേം ഗ്രൂം പറഞ്ഞു. പ്രദേശത്തിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഇസ്രായിൽ പ്രദേശത്ത് സൈനിക നടപടി വ്യാപിപ്പിക്കുന്നതിനാൽ ആശുപത്രികൾ ഒഴിപ്പിക്കേണ്ടിവരുമെന്ന് ശസ്ത്രക്രിയാ വിദഗ്ധർ ഭയപ്പെടുന്നു.