ന്യൂയോർക്ക്: പ്രസിദ്ധമായ ഹാർവാഡ് യൂണിവേഴ്‌സിറ്റിക്ക് വിദേശ വിദ്യാർത്ഥികളെ സ്വീകരിക്കാനുള്ള ലൈസൻസ് റദ്ദാക്കി ട്രംപ് ഭരണകൂടം. ഇസ്രായിൽ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ നൽകണമെന്ന ഭരണകൂടത്തിന്റെ ആവശ്യം നിരസിച്ചതിനെ തുടർന്നാണ് നടപടി. വിദേശ വിദ്യാർത്ഥികളെ യൂണിവേഴ്‌സിറ്റി ഇനി സ്വീകരിക്കരുതെന്നും ഇപ്പോഴുള്ള വിദേശ വിദ്യാർത്ഥികളെ അവിടെ നിന്ന് മാറ്റണമെന്നും ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയം പറഞ്ഞു. ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം കാലിഫോർണിയ കോടതി തടഞ്ഞു.
വിദേശ വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനുള്ള യൂണിവേഴ്‌സിറ്റിയുടെ ‘സ്റ്റുഡന്റ് ആൻഡ് എക്‌സ്‌ചേഞ്ച് വിസിറ്റർ പ്രോഗ്രാം’ സർട്ടിഫിക്കേഷൻ ആണ് റദ്ദാക്കിയത്. ഇതോടെ, എഫ് 1, ജെ 1 വിസകളിൽ വിദേശ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനുള്ള അവകാശം ഹാർവാഡിന് നഷ്ടമായി. 2025-2026 അധ്യയന വർഷത്തിൽ പുതിയ വിദേശ വിദ്യാർത്ഥികളെ എടുക്കുന്നതിനും നിലവിലുള്ള വിദ്യാർത്ഥികൾ തുടരുന്നതിനും ഇത് ബാധകമാവും.
‘കാമ്പസിൽ അക്രമം, യഹൂദവിരുദ്ധത, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള സഹകരണം എന്നിവ പ്രോത്സാഹിപ്പിച്ചതിന്റെ പേരിൽ ഹാർവാഡ് യൂണിവേഴ്‌സിറ്റിക്കെതിരെ ഈ ഭരണകൂടം നടപടിയെടുക്കുകയാണ്. വിദേശ വിദ്യാർത്ഥികളെ ചേർക്കുന്നതും അവരുടെ ഉയർന്ന ട്യൂഷൻ ഫീസ് വഴി ലാഭം നേടി അവരുടെ ബില്യൺ ഡോളർ എൻഡോവ്‌മെന്റുകൾ വർധിപ്പിക്കുന്നതും യൂണിവേഴ്‌സിറ്റികളുടെ അവകാശമല്ല, പ്രിവിലേജ് ആണ്. ഹാർവാർഡിന് ശരിയായ കാര്യങ്ങൾ ചെയ്യാൻ ധാരാളം അവസരങ്ങൾ ലഭിച്ചിരുന്നു. അവർ അത് നിരസിച്ചു.
നിയമം പാലിക്കാത്തതിന്റെ ഫലമായി അവരുടെ സ്റ്റുഡന്റ് ആൻഡ് എക്‌സ്‌ചേഞ്ച് വിസിറ്റർ പ്രോഗ്രാം സർട്ടിഫിക്കേഷൻ റദ്ദാക്കുകയാണ്. ഇത് രാജ്യത്തെ എല്ലാ യൂണിവേഴ്‌സിറ്റികൾക്കും അക്കാദമിക് സ്ഥാപനങ്ങൾക്കും ഒരു മുന്നറിയിപ്പായി വർത്തിക്കട്ടെ.’ – ആഭ്യന്തര സുരക്ഷാ സെക്രട്ടറി എക്‌സിൽ കുറിച്ചു.
ഇന്ത്യയിൽ നിന്നുള്ളവരടക്കം പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നടപടിയോടെ ആശങ്കയിലായത്. 788 ഇന്ത്യൻ വിദ്യാർത്ഥികളാണ് നിലവിൽ ഹാർവാഡിൽ പഠിക്കുന്നത്. വിദേശ വിദ്യാർത്ഥികളെ വിലക്കുന്നത് യൂണിവേഴ്‌സിറ്റിയുടെ സാമ്പത്തിക ഭദ്രത തകർക്കുകയും അക്കാദമിക മേൽക്കോയ്മ ഇല്ലാതാക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. വിദേശവിദ്യാർത്ഥികൾക്കുള്ള വിലക്ക് തുടരുകയാണെങ്കിൽ ലോകത്തെ മികച്ച യൂണിവേഴ്‌സിറ്റികളിൽ രണ്ടാം സ്ഥാനത്തുള്ള ഹാർവാഡിന്, ആ സ്ഥാനം നിലനിർത്തുക പ്രയാസമാവും.
ഭരണകൂടത്തിന്റെ വിലക്കിനെതിരെ കോടതിയെ സമീപിച്ച യൂണിവേഴ്‌സിറ്റി അനുകൂലമായ വിധി സമ്പാദിച്ചിട്ടുണ്ട്. വിദേശ വിദ്യാർത്ഥികളുടെ വിസ സ്റ്റാറ്റസിന്റെ അടിസ്ഥാനത്തിൽ അവരെ അറസ്റ്റ് ചെയ്യുന്നതോ തടവിലാക്കുന്നതോ മറ്റൊരിടത്തേക്ക് മാറ്റുന്നതോ തടഞ്ഞുകൊണ്ട് യു.എസ്. ഡിസ്ട്രിക്ട് ജഡ്ജി ജെഫ്രി എസ്. വൈറ്റ് ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെതിരെ ഭരണകൂടം മേൽക്കോടതികളെ സമീപിച്ചേക്കും.