- ആശാ വർക്കർമാരുടെ സമരത്തിൽ ഇടപെടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ
കോഴിക്കോട്: രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് മധുര ചിത്രം പങ്കുവെച്ച് പൊതുമരാമത്ത് മന്ത്രിയും മരുമകനുമായ അഡ്വ. പി എ മുഹമ്മദ് റിയാസ്. ‘വിജയത്തിന്റെ മധുരം-തുടരും’ എന്ന ക്യാപ്ഷനോടെയാണ് മുഖ്യമന്ത്രിക്ക് കേക്ക് നൽകുന്ന ചിത്രം മന്ത്രി പങ്കുവെച്ചത്. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിലാണ് മന്ത്രി മുഹമ്മദ് റിയാസ് മുഖ്യമന്ത്രിക്ക് കേക്ക് നൽകിയത്.
വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എ പ്രദീപ് കുമാർ തുടങ്ങിയവരും സമീപമുണ്ട്.
അതിനിടെ, മോഷണക്കുറ്റം ആരോപിച്ച് ദലിത് സ്ത്രീയെ കസ്റ്റഡിയിലെടുത്തതിൽ പോലീസിന് വീഴ്ചയുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവിക്കാൻ പാടില്ലാത്തതാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. അതിൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് വാർത്താസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആശാ വർക്കർമാരുടെ സമരം നൂറു ദിവസം പിന്നിട്ടത് ചൂണ്ടിക്കാണിച്ചപ്പോൾ സമരത്തിൽ തൽക്കാലം ഒരിടപെടലും ഉണ്ടാകില്ലെന്നും ഒത്തുതീർപ്പിന് മുമ്പ് ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ലെന്നുമായിരുന്നു മറുപടി. മൂന്നാം പിണറായി സർക്കാർ സംബന്ധിച്ച ചോദ്യങ്ങളോട് ഇപ്പോൾ തിരഞ്ഞെടുപ്പ് മുന്നിലില്ലല്ലോയെന്നും പ്രഖ്യാപിച്ച പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനാണ് മുൻഗണനയെന്നുമായിരുന്നു മറുപടി.
ഇ.ഡി ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയ സംഭവം കേന്ദ്ര അന്വേഷണ ഏജൻസിയുടെ വിശ്വാസ്യതയെ ബാധിച്ചതായും ഈ വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിശ്വാസ്യത ഉറപ്പിക്കാൻ ഏജൻസിയുടെ പുനഃസംഘടന ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പ്രധാനമന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയപാതയിൽ ചിലയിടത്തുണ്ടായ തകർച്ച നിർഭാഗ്യകരമാണ്. ഇതിൽ ദേശീയ പാത അതോറിട്ടിയുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കും. നമ്മുടെ ഭൂപ്രകൃതിക്ക് അനുസരിച്ച് നിർമാണം നടത്തുന്നതിൽ വീഴ്ചകളുണ്ടായിട്ടുണ്ടോ എന്നതാകും ദേശീയ പാത അതോറിട്ടിയുമായുള്ള ചർച്ചയിൽ വിലയിരുത്തി പരിഹരിക്കുക.
കേരളത്തിന്റെ പൊതുവായ കാര്യങ്ങളിൽ സഹായകമായ നിലപാടല്ല പ്രതിപക്ഷം കൈക്കൊള്ളുന്നത്. കേന്ദ്രത്തിനെതിരായ പ്രതിഷേധങ്ങളിൽ പ്രതിപക്ഷം പിന്തുണ നൽകുന്നില്ല. വലിയ ദുരന്തഘട്ടങ്ങളിൽ പോലും പ്രതിപക്ഷം പിന്തുണ നൽകിയില്ല. കെ റെയിൽ പദ്ധതി മുന്നോട്ടു വച്ചുകഴിഞ്ഞപ്പോൾ അതിന് അംഗീകാരം നൽകില്ലെന്ന നിലപാടാണ് ഇവിടെ ചിലർ കൈക്കൊണ്ടത്. ഇപ്പോൾ ഇത് വേണ്ടെന്ന നിലപാടായിരുന്നു ചിലരുടേത്. വികസന വിരുദ്ധർക്കൊപ്പം നിൽക്കുന്ന രാഷ്ട്രീയനിലപാടാണ് ഇതിൽ കേന്ദ്രം കൈക്കൊണ്ടതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
നിയമം കയ്യിലെടുക്കാൻ ആർക്കും അവകാശമില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ സി.പി.എം നേതാവ് കെ.യു. ജെനീഷ് കുമാർ എംഎൽഎ ബലമായി ഇറക്കിക്കൊണ്ടുപോയ സംഭവം സംബന്ധിച്ച ചോദ്യത്തോടായി മുഖ്യമന്ത്രി പ്രതികരിച്ചു.
സർക്കാരിന്റെ എല്ലാ നേട്ടങ്ങളും എണ്ണിപ്പറയാനുള്ള സന്ദർഭമായി ഇതിനെ കാണുന്നില്ല. മാറ്റങ്ങൾ പ്രകടമാണ്. അത് ഇന്നാട്ടിലെ ജനങ്ങൾ സ്വജീവിതത്തിൽ അനുഭവിക്കുകയാണ്. കഴിഞ്ഞമാസം 21 മുതൽ സർക്കാരിന്റെ വാർഷികാഘോഷം നടക്കുന്നു. എല്ലാ ജില്ലകളിലും വലിയ ജനപങ്കാളിത്തമാണ് വാർഷിക പരിപാടികളിൽ ഉണ്ടാകുന്നത്.
കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ ഈ ഘട്ടത്തിൽ അപ്രത്യക്ഷമായി. ഈ സർക്കാർ വിചാരിച്ചാൽ ഒന്നും നടക്കില്ലെന്നു വെല്ലുവിളിച്ചവർ നിശബ്ദരായി. ലോകഭൂപടത്തിൽകേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാക്കി. തറക്കല്ലിട്ടത് യുഡിഎഫ് സർക്കാരിന്റെ കാലത്താണെങ്കിലും പദ്ധതിയുടെ നിർമാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ കാലം മുതലാണ്.
യുഡിഎഫ് സർക്കാരിന്റെ കടുത്ത അലംഭാവം കാരണം വഴിമുട്ടി നിന്നിരുന്ന ദേശീയ പാത വികസനവും എൽ ഡി എഫ് സർക്കാരിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രമാണ് സാധ്യമായത്. സാമ്പത്തിക പുരോഗതിയും സാമൂഹ്യനീതിയും ഉറപ്പുവരുത്തി വികസിത രാജ്യങ്ങൾക്ക് സമാനമായ നിലയിലേ്ക്ക് കേരളത്തെ ഉയർത്തുക എന്ന ലക്ഷ്യമാണ് സർക്കാർ ഏറ്റെടുത്തിട്ടുള്ളതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു