തെൽ അവിവ് – ഗാസയിൽ ഒന്നര വർഷത്തിലേറെയായി തുടരുന്ന നരഹത്യയെ ശക്തമായ ഭാഷയിൽ വിമർശിച്ച് ഇസ്രായിലിലെ പ്രതിപക്ഷ പാർട്ടി നേതാവും മുൻ ഐഡിഎഫ് ജനറലുമായ യേർ ഗൊലാൻ. ബെഞ്ചമിൻ നെതന്യാഹുവിന്റെ നയങ്ങൾ രാജ്യത്തെ നാശത്തിലേക്കാണ് നയിക്കുന്നതെന്നും ഈ സ്ഥിതി തുടർന്നാൽ ഇസ്രായിൽ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുമെന്നും കാൻ ടെലിവിഷിനുമായുള്ള അഭിമുഖത്തിൽ ഗൊലാൻ പറഞ്ഞു. യേർ ഗൊലാന്റെ പ്രസ്താവന രാജ്യവിരുദ്ധവും സൈന്യത്തിനെതിരെയുള്ളതുമാണെന്ന് ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.
നെതന്യാഹുവിന്റെ ഗാസ യുദ്ധനയത്തിനെതിരെ മുമ്പും ശബ്ദമുയർത്തിയിട്ടുള്ള യേർ ഗൊലാൻ കടുപ്പമേറിയ ഭാഷയിലാണ് ഇത്തവണ തന്റെ നിലപാട് വ്യക്തമാക്കിയത്: ‘വിവേകമുള്ള ഒരു രാഷ്ട്രം സാധാരണക്കാർക്കെതിരെ യുദ്ധം ചെയ്യില്ല. രസത്തിനു വേണ്ടി കുഞ്ഞുങ്ങളെ കൊല്ലില്ല. ഒരു ജനതയെ അവരുടെ ഭൂമിയിൽ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കില്ല. ഇസ്രായിൽ പഴയ ദക്ഷിണാഫ്രിക്കയെപ്പോലെ ഒരു അപരിഷ്‌കൃത രാഷ്ട്രമായി മാറുകയാണ്. ബോധമുള്ള രാഷ്ട്രം എന്ന അവസ്ഥയിലേക്ക് നമ്മൾ തിരിച്ചുപോകേണ്ടതുണ്ട്.’ ഗൊലാൻ പറഞ്ഞു. ‘ഈ ഗവൺമെന്റ് പ്രതികാരബുദ്ധിയുള്ളവരും ധാർമ്മികതയില്ലാത്തവരും രാഷ്ട്രത്തെ ഭരിക്കാൻ യോഗ്യതയില്ലാത്തവരുമായ ആളുകളാൽ നിറഞ്ഞിരിക്കുന്നു. ഇത് നമ്മുടെ അസ്തിത്വത്തിന് തന്നെ ഭീഷണിയാണ്.’ അദ്ദേഹം തുടർന്നു.
ഇസ്രായിൽ സൈന്യത്തിലെ മുൻ റിസർവ് മേജർ ജനറലായ യേർ ഗൊലാൻ നെതന്യാഹുവിനെതിരെ നേരത്തെയും രംഗത്തു വന്നിരുന്നു. ഗാസയിലെ യുദ്ധം നെതന്യാഹുവിന്റെ അതിജീവനത്തിനു വേണ്ടിയുള്ളതാണെന്നും ധനമന്ത്രി ബെസലേൽ സ്‌മോത്രിച്ചിന്റെ ഭ്രാന്തുകൾ സാക്ഷാത്കരിക്കുകയാണ് സൈന്യം ഇപ്പോൾ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കയും ഹമാസും തമ്മിലുള്ള ചർച്ചയ്‌ക്കൊടുവിൽ അമേരിക്കൻ ബന്ദി ഏദൻ അലക്‌സാണ്ടർ മോചിതനായപ്പോൾ, അത് ഇസ്രായിലിന്റെ രാഷ്ട്രീയവും നയതന്ത്രപരവുമായ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ നേതാവായ ഗൊലാന്റെ പ്രസ്താവന പുരോഗമനവാദികളുടെ പിന്തുണ നേടിയപ്പോൾ പ്രധാനമന്ത്രി നെതന്യാഹു വിമർശനവുമായി രംഗത്തുവന്നു. ഇസ്രായിൽ സൈന്യം ലോകത്തിലെ ഏറ്റവും ധാർമിക മൂല്യമുള്ള സേനയാണെന്നും അവർക്കെതിരെയാണ് ഗൊലാന്റെ പരാമർശമെന്നും നെതന്യാഹു പറഞ്ഞു.