ഗാസ: ഗാസയിൽ പുതിയ കരയാക്രമണം ആരംഭിച്ചതായി ഇസ്രായിൽ സൈന്യം പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷം, ഗാസയിലേക്ക് ചില ഭക്ഷ്യവസ്തുക്കൾ പ്രവേശിപ്പിക്കാൻ അനുവദിക്കുമെന്ന് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
ഗാസ മുനമ്പിൽ പട്ടിണി പ്രതിസന്ധി കൂടുതൽ വഷളാകാതിരിക്കാൻ ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന ഭക്ഷണസാധനങ്ങൾ ഗാസയിൽ പ്രവേശിപ്പിക്കാൻ ഇസ്രായിൽ അനുവദിക്കുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവിച്ചു. ശനിയാഴ്ച ആരംഭിച്ച പുതിയ സൈനിക നടപടി വിപുലീകരിക്കാൻ ഗാസയിലേക്ക് കുറച്ച് സഹായം അനുവദിക്കുന്നത് സഹായിക്കുമെന്ന് നെതന്യാഹു പറഞ്ഞു.
സഹായം എപ്പോൾ അല്ലെങ്കിൽ എങ്ങനെ ഗാസയിലേക്ക് എത്തുമെന്ന് പെട്ടെന്ന് വ്യക്തമല്ല. സഹായ വിതരണത്തിൽ ഹമാസ് നിയന്ത്രണം ഏർപ്പെടുത്തുന്നില്ലെന്നും സഹായം ഹമാസ് പോരാളികളിലേക്ക് എത്തുന്നില്ലെന്നും ഉറപ്പാക്കാൻ ഇസ്രായിൽ പ്രവർത്തിക്കുമെന്ന് നെതന്യാഹു പറഞ്ഞു.
ഗാസയിലേക്ക് സഹായം എത്തിക്കാനുള്ള തീരുമാനത്തിൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗവീർ സെക്യൂരിറ്റി മന്ത്രിസഭയിൽ വോട്ടെടുപ്പിന് അഭ്യർഥിച്ചതായി ഇസ്രായിലി വാർത്താ വെബ്‌സൈറ്റ് വൈനെറ്റ് റിപ്പോർട്ട് ചെയ്തു. പക്ഷേ അദ്ദേഹത്തിന്റെ അഭ്യർഥന നിരസിക്കപ്പെട്ടു. ഗാസയിലേക്ക് സഹായം അനുവദിക്കാനുള്ള തീരുമാനം അമേരിക്കൻ സമ്മർദത്തെ തുടർന്നാണെന്ന് യോഗത്തിൽ പങ്കെടുത്ത മന്ത്രിമാരെ ഉദ്ധരിച്ച് വെബ്‌സൈറ്റ് പറഞ്ഞു.
ഗാസ മുനമ്പിലേക്കുള്ള സഹായം പുനരാരംഭിക്കാനുള്ള തീരുമാനം വോട്ടെടുപ്പില്ലാതെയാണ് കൈക്കൊണ്ടതെന്നും ധനമന്ത്രി ബെസാലെൽ സ്‌മോട്രിച്ചും മറ്റു മന്ത്രിമാരും ഇതിനെ എതിർത്തതായും ജറൂസലം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സഹായം പുനരാരംഭിക്കുന്നതിന് പകരമായി ഗാസയിൽ ബന്ദികളാക്കപ്പെട്ട ആരെയും വിട്ടയക്കില്ലെന്ന് പത്രം പറഞ്ഞു.
ഗാസയിലേക്ക് പരിമിതമായ അളവിൽ ഭക്ഷ്യസഹായം അനുവദിക്കുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചതിന് ശേഷം, ഉടനടി, വിശാലമായി, തടസ്സമില്ലാതെ സഹായം പുനരാരംഭിക്കാൻ അനുവദിക്കണമെന്ന് ഫ്രഞ്ച് വിദേശ മന്ത്രി ജീൻനോയൽ ബാരറ്റ് ഇസ്രായിലിനോട് ആവശ്യപ്പെട്ടു. മൂന്നു മാസത്തെ നയതന്ത്ര ശ്രമങ്ങൾക്ക് ശേഷം, ഇസ്രായിൽ സർക്കാർ ഒടുവിൽ ഗാസയിലേക്ക് മാനുഷിക സഹായം വീണ്ടും അനുവദിക്കുന്നതായി പ്രഖ്യാപിച്ചു- ജീൻനോയൽ ബാരോ എക്‌സ് പ്ലാറ്റ്‌ഫോമിലെ പോസ്റ്റിൽ എഴുതി.